ആലുവ:ചൂര്‍ണിക്കര നിലം നികത്തല്‍ കേസില്‍ റവന്യു വകുപ്പ് ജീവനക്കാരന്‍ അരുണ്‍ കുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി.വ്യാജരേഖയില്‍ ലാന്‍ഡ് റവന്യൂ കമ്മീഷണറുടെ സീല്‍ പതിപ്പിച്ചത് അരുണ്‍ കുമാറാണെന്നും നിലം നികത്താന്‍ നല്‍കിയ അപേക്ഷയുടെ രസീത് നമ്പര്‍ ഉപയോഗിച്ചാണ് വ്യാജ രേഖ ഉണ്ടാക്കിയതെന്നും കണ്ടെത്തി.
ഇടനിലക്കാരന്‍ അബുവിനെ ചോദ്യം ചെയ്തപ്പോളാണ് അരുണിന്റെ പങ്ക് വ്യക്തമായത്. നിലം നികത്താന്‍ അനുമതി തേടി അബു അപേക്ഷ നല്‍കിയിരുന്നു. ഈ രസീതിലെ റഫറന്‍സ് നമ്പര്‍ ഉപയോഗിച്ച് അബു രേഖയുണ്ടാക്കി.പിന്നീട് സീല്‍ പതിപ്പിച്ച് നല്‍കിയെന്നും പ്രതിഫലമായി 30,000 രൂപ കിട്ടിയെന്നും ചോദ്യം ചെയ്യലില്‍ അരുണ്‍ സമ്മതിച്ചു.
അബുവിനെയും അരുണ്‍ കുമാറിനെയും പൊലീസ് ചോദ്യം ചെയ്യുകയാണ്.ഇരു പ്രതികളെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്ത് കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനാണ് പൊലീസ് ശ്രമിക്കുന്നത്.കേസില്‍ വിശദമായ അന്വേഷണം നടത്താന്‍ വിജിലന്‍സും തീരുമാനിച്ചിട്ടുണ്ട്.
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ റവന്യൂ മന്ത്രിയായിരിക്കെ രണ്ടു വര്‍ഷത്തോളം അരുണ്‍ പേഴ്‌സണല്‍ സ്റ്റാഫില്‍ അംഗമായിരുന്നു.സ്വഭാവ ദൂഷ്യത്തെത്തുടര്‍ന്ന് ഇയാളെ പേഴ്‌സണല്‍ സ്റ്റാഫില്‍ നിന്ന് പുറത്താക്കുകയായിരുന്നെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.