[author ]അരവിന്ദ് ബാബു[/author]

മണ്‍മറഞ്ഞുപോയ ധീര സഖാക്കളുടെ, ചരിത്രത്തിലിടം നേടിയ വിപ്ലവ സ്മരണകളും സമരപോരാട്ടങ്ങളും പറഞ്ഞും പഠിപ്പിച്ചും പുളകം കൊണ്ടും മുന്നോട്ടു പോകുന്നതും നയിക്കപ്പെടുന്നതുമായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് പ്രത്യേകിച്ച് സി.പി.എമ്മിന് ഓര്‍ത്തുവെക്കാനും പുളകം കൊള്ളാനും ഒരു വീരചരിതം കൂടി രചിച്ചു കൊടുക്കുന്ന ജോലിയാണ് ഇപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കുന്നത്. കേരളത്തിന്റെ നെല്ലറയെന്ന് വിശേഷിപ്പിക്കപ്പെടുന്ന കുട്ടനാട്ടില്‍ തൊഴിലാളികളുടെ മുന്നേറ്റ ചരിത്രങ്ങള്‍ സൃഷ്ടിച്ച വിപ്ലവഗാഥകള്‍ക്കൊപ്പം മഹത്വവത്ക്കരിക്കപ്പെടുന്നത് മുതലാളിയുടെ കയ്യേറ്റങ്ങള്‍ കൂടിയാണ്. വിശിഷ്യാ മുതലാളി ഇടതു സര്‍ക്കാരിലെ ഒരു മന്ത്രി കൂടിയാകുമ്പോള്‍ കയ്യേറ്റം മാത്രമല്ല സകല വൃത്തികേടുകള്‍ക്കും കുടപിടിച്ചു കൊടുത്ത് അതിനെ ന്യായീകരിച്ചില്ലെങ്കില്‍ ജനകീയ ജനാധിപത്യ വിപ്ലവത്തിലൂടെ അധികാരത്തിലെത്തിയ സര്‍ക്കാരിന് മൂല്യശോഷണം സംഭവിക്കുമെന്ന വിലയിരുത്തലാണ് ഏറെ പരിതാപകരം.

ഒന്നും രണ്ടുമല്ല ഒട്ടേറെ കയ്യേറ്റങ്ങള്‍. കുട്ടനാടിന്റെ കായലും വയലും നീര്‍ച്ചോലകളും കയ്യേറി അതിനെ ന്യായീകരിച്ച്, അത് പുറത്തു കൊണ്ടുവന്ന മാധ്യമങ്ങളെ പുച്ഛിച്ച് അതിനെതിരെ നടക്കുന്ന സമരങ്ങളെ അടിച്ചമര്‍ത്തുന്ന പുതുചരിത്രമാണ് പുന്നപ്ര വയലാറിന് ശേഷം പാര്‍ട്ടിക്ക് അണികളോട് പറയാനുള്ളത്. മൂന്നു വര്‍ഷത്തിലൊരിക്കല്‍ പാര്‍ട്ടിയുടെ സംഘടനാ സംവിധാനത്തെ ഇളക്കി പ്രതിഷ്ഠിച്ച് ഇടത് സ്വഭാവം നിലനിര്‍ത്തുന്ന പ്രക്രിയ നടക്കുന്ന കാലയളവില്‍ തന്നെയാണ് തോമസ് ചാണ്ടിയെന്ന മന്ത്രിയുടെ വിപ്ലവാത്മകമായ കയ്യേറ്റത്തിന്റെ കഥ നാട്ടിലാകെ ചര്‍ച്ച ചെയ്യാന്‍ അരങ്ങൊരുങ്ങിയത്. കയ്യേറ്റങ്ങളെ സ്ഥിരീകരിച്ച് ആലപ്പുഴയിലെ റവന്യൂ വിഭാഗത്തിന്റെ മേലധികാരി കൂടിയായ ജില്ലാ കളക്ടര്‍ നല്‍കിയ റിപ്പോര്‍ട്ട് പരിശോധിക്കാനും പഠിച്ച് നടപടിയെടുക്കാനും വിവരും വിദ്യാഭ്യാസവും അതിനു തക്ക ചങ്കൂറ്റവുമുള്ളവരാരും സിവില്‍ സര്‍വ്വീസിലുണ്ടോയെന്ന് തപ്പിയും തെരെഞ്ഞും നേക്കേണ്ട അവസ്ഥയാണ് ഇടത് സര്‍ക്കാരിന്റെ ഭരണം കൊണ്ടുണ്ടായ ഏക മെച്ചം. എണ്ണത്തില്‍ കുറവാണെങ്കിലും വലത്പക്ഷ വ്യതിയാനം ബാധിച്ചുവെന്ന് വല്യേട്ടനായ സി.പി.എമ്മിന്റെ ഉന്നത സ്ഥാനീയര്‍ ഇടയ്ക്കിടെ കളിയായും കാര്യമായും പുകഴ്ത്തുന്ന സി.പി.ഐക്കും ഒന്നും പറയാനുമില്ല, പറഞ്ഞിട്ടൊട്ട് കാര്യവുമില്ല.

റവന്യൂ വകുപ്പിന്റെ ഭരണം തങ്ങളാണെങ്കിലും മുഖ്യമന്ത്രി പിണറായി വിജയനെന്ന തമ്പ്രാനും അദ്ദേഹം ഉള്‍പ്പെട്ടിട്ടുള്ള തൊഴിലാളി വര്‍ഗ പാര്‍ട്ടിയും പറയുന്നതിനപ്പുറം ഒന്നും നടക്കില്ലെന്ന് ഉത്തമ ബോധ്യമുള്ളവരാണ് അവര്‍. ഇടയ്ക്കിടെ സി.പി.ഐ സംസ്ഥാന സെക്രട്ടറിക്ക് സര്‍ക്കാര്‍ തീരുമാനങ്ങളില്‍ കടുത്ത അമര്‍ഷം പ്രകടിപ്പിച്ച് നിര്‍വൃതിയടയാം. മൂന്നാറിലെ ഭൂമി കയ്യേറ്റം തടഞ്ഞ ശ്രീറാം വെങ്കിടറാമെന്ന സബ്ബ് കളക്ടര്‍ക്ക് നല്‍കിയ പിന്തുണ കാരണം അദ്ദേഹമിപ്പോള്‍ എവിടെയുണ്ടെന്ന് സാക്ഷാല്‍ കാനത്തിനു പോലുമറിയില്ല. കായലും വയലും നികത്തി കയ്യേറി ഭൂസ്വാമിയായി വിലസുന്ന തോമസ് ചാണ്ടിയെന്ന മന്ത്രിക്ക് കൂച്ചുവിലങ്ങിടാന്‍ ആവതില്ലാത്ത വിപ്ലവകാരികളുടെ സര്‍ക്കാര്‍ കേരളത്തില്‍ പിന്നെ എന്തു ശരിയാക്കാന്‍. ഒരു സാധാരണ പൗരന്‍ അഞ്ച് സെന്റിനപ്പുറം നികത്തിപ്പോയാല്‍ നിയമവിരുദ്ധം മാത്രമല്ല കമ്മ്യൂണിസ്റ്റ് ഭാഷയില്‍ ഭൂപ്രഭുവായ കുത്തക മുതലാളിയായും വര്‍ഗ വഞ്ചകനായും ചിത്രീകരിച്ചു കളയും. തെളിഞ്ഞ ആക്ഷരത്തില്‍ വ്യക്തതയോടെ കയ്യേറ്റം നടന്നുവെന്ന് കളക്ടര്‍ എഴുതി നല്‍കിയ റിപ്പോര്‍ട്ട് ഭരണതലങ്ങളില്‍ പൂഴ്ത്തി അതിന്മേല്‍ അടയിരുന്ന് നിയമോപദേശം തേടുന്ന സര്‍ക്കാരിന്റെ കള്ളക്കളി ജനവഞ്ചനയുടെ മറ്റൊരു മുഖമാണ്. എല്ലാം ശരിയാക്കുമെന്ന് വീമ്പ് പറഞ്ഞ് അധികാരത്തിലേറിയവര്‍ കാട്ടുന്ന പൊള്ളത്തരങ്ങളുടെ തുടര്‍ച്ചയായി കായല്‍ കയ്യേറ്റങ്ങളും മാറുന്നു.

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തു വന്നപ്പോള്‍ യു.ഡി.എഫ് -കോണ്‍ഗ്രസ്സ് നേതാക്കളെ കള്ളക്കേസില്‍ കുടുക്കാന്‍ കാട്ടിയ വ്യഗ്രതയുടെ നാലിലൊന്നു മതിയായിരുന്നല്ലോ കയ്യേറ്റം ഒഴിപ്പിച്ചെടുക്കാനും കളക്ടറുടെ റിപ്പോര്‍ട്ടില്‍ തുടര്‍നടപടികള്‍ സ്വീകരിക്കാനും. എന്നിട്ടും റിപ്പോര്‍ട്ടിന്റെ സമഗ്ര പരിശോധന തുടരുന്ന പിണറായി വിജയനോടും അദ്ദേഹത്തിന്റെ സര്‍ക്കാരിനോടും ഒറ്റ ചോദ്യമേയുള്ളൂ. നാണമെന്ന വാക്കിനു പോലും നാണവും ലജ്ജയും ഉളുപ്പും വരുത്തുന്ന നിങ്ങള്‍ക്കെങ്ങനെ ഇനി ഇടതുപക്ഷമെന്ന് പറയാനാവും. ‘നമ്മള്‍ കയ്യേറും വയലും കായലും നമ്മുടേതാകും പൈങ്കിളിയേ’ എന്ന് തിരുത്തിയെഴുതിയ വിപ്ലവഗാനം പാടാന്‍ ശീലിച്ചു കഴിഞ്ഞ നിങ്ങളോട് ഇനി അഴിമതിയും സ്വജനപക്ഷപാതവും ചൂണ്ടിക്കാണിച്ചിട്ട് കാര്യമില്ലെന്ന് ജനങ്ങള്‍ക്ക് ബോധ്യമായിക്കഴിഞ്ഞു.

ദീനദയാല്‍ ഉപാധ്യയയുടെ ജന്മ ശതാബ്ദിയാഘോഷം, സോളാറിലെ നിറം പിടിപ്പിച്ച നുണക്കഥകള്‍, അതിലെ ഇക്കിളിപ്പെടുത്തുന്ന പെരുംനുണകള്‍ തരുന്ന പൊട്ടിയൊലിക്കലുകളുടെ തുടരന്വേഷണം എന്നിങ്ങനെ ഏറെ കാര്യങ്ങള്‍ സര്‍ക്കാരിന് ചെയ്യാനുള്ളപ്പോള്‍ മന്ത്രിയുടെ കയ്യേറ്റങ്ങളെ പറ്റി വിളിച്ചു പറയുന്നവരെ അടിച്ചമര്‍ത്താനും ആക്ഷേപിക്കാനും മാത്രമാണ് സര്‍ക്കാരിനും പാര്‍ട്ടിക്കുമാവുന്നത്. ജനഹിതത്തിന് അനുകൂലമായി നിങ്ങള്‍ എന്തെങ്കിലും പ്രവര്‍ത്തിക്കുമെന്നുള്ള പ്രതീക്ഷകള്‍ അസ്ഥാനത്താണെന്ന് ജനങ്ങള്‍ക്ക് ബോധ്യമായിക്കഴിഞ്ഞു. കാലവും ചരിത്രവും ഒരിക്കലും മാപ്പ് തരാത്ത കുറ്റത്തിന് നിങ്ങള്‍ കണക്ക് പറയുന്ന ദിവസം അതിവിദൂരമല്ല. പുന്നപ്ര വയലാറിലെ രക്തസാക്ഷികളുടെ സ്മാരകങ്ങളില്‍ നിന്നും ഇങ്ക്വിലാബിന് പകരം നഷ്ടബോധത്തിന്റെ തേങ്ങലുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. അതു കൊണ്ട് തന്നെ രാജിയെന്ന രാഷ്ട്രീയ മാര്‍ഗം മന്ത്രിയും കയ്യേറ്റങ്ങളൊഴിപ്പിച്ച് മാപ്പ് പറയാന്‍ സര്‍ക്കാരും തുനിഞ്ഞില്ലെങ്കില്‍ പ്രതിപക്ഷസമരപോരാട്ടങ്ങളില്‍ ഭൂസ്വാമിമാരും അവരുടെ മൂടു താങ്ങുന്ന ഇരട്ടച്ചങ്കന്റെ സര്‍ക്കാരും മുഖമടിച്ചു വീഴുക തന്നെചെയ്യും.