കൊച്ചി:പോലീസുകാരുടെ പോസ്റ്റല്‍ ബാലറ്റിലെ ക്രമക്കേടില്‍ വിശദീകരണം തേടി ഹൈക്കോടതി. തെരഞ്ഞെടുപ്പുകമ്മീഷനും സര്‍ക്കാരും ഈ മാസം 17 ന് മുമ്പായി വിശദീകരണം നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു. പ്രതിപക്ഷനേതാവ് രമേശ്‌ചെന്നിത്തല നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി. പോസ്റ്റല്‍ബാലറ്റുകള്‍ മുഴുവന്‍ റദ്ദാക്കിയശേഷം പോലീസുകാര്‍ക്ക് വീണ്ടും വോട്ടുചെയ്യാന്‍ അവസരം നല്‍കണമെന്നാണ് ചെന്നിത്തലയുടെ ഹര്‍ജിയിലെ ആവശ്യം. കേസ് ഈമാസം 20 ന് പരിഗണിക്കും.
പൊലീസുകാരുടെ പോസ്റ്റല്‍ ബാലറ്റുകള്‍ ഇടത് അനുകൂല പോലീസ് അസോസിയേഷന്‍ ഭാരവാഹികള്‍ ശേഖരിച്ചതായാണ് ആരോപണം. ബാലറ്റ് ആവശ്യപ്പെട്ടുകൊണ്ട് പോലീസുകാര്‍ ഉള്‍പ്പെട്ട വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ വന്ന സന്ദേശം പുറത്തായതോടെയാണ് വിഷയം വിവാദമായത്.തുടര്‍ന്ന് തെരഞ്ഞെടുപ്പു കമ്മീഷനും ക്രമക്കേടില്‍ പരാതി ലഭിച്ചതിനെത്തുടര്‍ന്ന് ഇടപെട്ടു.
സംഭവത്തില്‍ ആരോപണ വിധേയരായ ഉദ്യോഗസ്ഥര്‍ക്കെതിരെ ഡിജിപി അന്വേഷണത്തിന് ഉത്തരവിടുകയും വാട്‌സ് ആപ്പ് സന്ദേശമയച്ച കമാന്‍ഡോയെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.