നെയ്യാറ്റിന്‍കര:ബാങ്കുകാരുടെ ജപ്തിനടപടിയില്‍ മനംനൊന്താണ് മക്കള്‍ മരിച്ചതെന്ന് ലേഖയുടെ അമ്മായിയമ്മ കൃഷ്ണമ്മയുടെ വിഷമത്തോടെയുള്ള വാക്കുകള്‍ വിശ്വസിച്ചവരെ ഞെട്ടിപ്പിക്കുന്നതാണ് ലേഖയുടെ ആത്മഹത്യക്കുറിപ്പിലെ വരികള്‍.സ്ത്രീധനത്തിന്റെ പേരില്‍ കൃഷ്ണമ്മ തന്നെ നിരന്തരം പീഢിപ്പിക്കുകയും വിഷം തന്ന് കൊല്ലാന്‍ നോക്കുകയും ചെയ്തതായി കുറിപ്പില്‍ പറയുന്നു.മരണത്തിന് ഉത്തരവാദി ഭര്‍ത്താവും അമ്മയും ബന്ധുക്കളുമെന്നാണ് ആത്മഹത്യാക്കുറിപ്പില്‍ വിശദമാക്കുന്നത്. ജപ്തി നടപടികളായിട്ടും ഭര്‍ത്താവ് ഒന്നും ചെയ്തില്ലെന്നും ലേഖയുടെ ആത്മഹത്യാക്കുറിപ്പില്പറയുന്നു.ബാങ്കിനെ കുറ്റപ്പെടുത്തി ഒന്നും ആത്മഹത്യാക്കുറിപ്പിലില്ലെന്നതാണ് വസ്തുത.ലേഖയും മകളും ആത്മഹത്യ ചെയ്ത മുറിയിലെ ചുമരില്‍ ഒട്ടിച്ച നിലയിലായിരുന്നു കുറിപ്പ് കണ്ടെത്തിയത്.
”എന്റെയും മോളുവിന്റേയും മരണ കാരണം കൃഷ്ണമ്മയും ശാന്തയും കാശിയും ചന്ദ്രനുമാണ്”എന്ന് പ്രത്യേകമായി എഴുതിയിരുന്നു.
”കടം തീര്‍ക്കാന്‍ വീട് വില്ക്കാന് നിന്നപ്പോഴും അവിടെയും തടസം നിന്നത് കൃഷ്ണമ്മയാണ്. ആല്‍ത്തറയുണ്ട്, അവര്‍ നോക്കിക്കൊള്ളും നീ ഒന്നും പേടിക്കേണ്ട എന്ന് പറഞ്ഞ് മോനേ തെറ്റിക്കും.ഭര്‍ത്താവ് അറിയാതെ അഞ്ചു രൂപ നാട്ടുകാരുടെ കയ്യില്‍ നിന്ന് വാങ്ങിയിട്ടില്ല.അയച്ച പൈസ മകനറിയാം.ഞാന്‍ ബാങ്കിലും നാട്ടുകാരുടെ പലിശയും കൊടുത്തു.25000 രൂപയായിരുന്നു ശമ്പളം.ഇപ്പോള്‍ 9 മാസമായി ഭര്‍ത്താവ് വന്നിട്ട്.അതിനുശേഷം ബാങ്കില്‍നിന്ന് നോട്ടീസ് ഒട്ടിച്ചു.
നോട്ടീസ് കിട്ടിയിട്ടും ഭര്‍ത്താവ് അന്വേഷിച്ചില്ല. അയച്ച നോട്ടീസ് ആല്‍ത്തറയില്‍ കൊണ്ടു വന്ന് പൂജിക്കലാണ് അമ്മയുടേയും മകന്റേയും ജോലി. ഭാര്യ എന്ന സ്ഥാനം ഒരിക്കലും തന്നിട്ടില്ല. മന്ത്രവാദി പറയുന്ന വാക്ക് കേട്ട് എന്നെ വന്ന് ഉപദ്രവിക്കുകയും ശകാരിക്കുകയും ഇറങ്ങിപ്പോകാന്‍ പറയുകയും ചെയ്യും.അമ്മയുടെ മുന്നില്ആളാകാന് എന്റെ ഭര്‍ത്താവ് എന്തും ചെയ്യും.എനിക്കും മോള്‍ക്കും ആഹാരം കഴിക്കാന്‍പോലും അവകാശമില്ല.
ലോകം മുഴുവന്‍ എന്നെയും മോളെയും പറ്റി പറഞ്ഞ് നടക്കുന്നത് കൃഷ്ണമ്മയും ശാന്തയും കൂടിയാണ്. സ്ത്രീധനത്തിന്റെ പേരില്‍ കൃഷ്ണമ്മ വിഷം തന്ന് കൊല്ലാന്‍ നോക്കി. ജീവന് രക്ഷിക്കാന്‍ നോക്കാതെ മന്ത്രവാദികളുടെ അടുത്ത് പോവുകയാണ് ചെയ്തത്.ഒടുവില്‍ എന്റെ വീട്ടുകാരാണ് രക്ഷിച്ചത്.കൃഷ്ണമ്മ കാരണം വീട്ടില്‍ എന്നും വഴക്കാണ്.നേരം വെളുത്താല്‍ ഇരുട്ടുന്നത് വരെ.നിന്നേയും മകളേയും കൊല്ലുമെന്നാണ് കൃഷ്ണമ്മ പറയുന്നത്”.ലേഖയുടെ ആത്മഹത്യാക്കുറിപ്പ് ഇങ്ങനെയാണ്.