തിരുവനന്തപുരം:”നെല്ലിയാമ്പതിയിലേയും പുല്‍പ്പള്ളിയിലേയും ഇരിട്ടിയിലേയും ആദിവാസി സമരങ്ങള്‍, വൈത്തിരിയിലെ തോട്ടം തൊഴിലാളികളുടെ മുന്നേറ്റങ്ങള്‍,വൈപ്പിന്‍ കര്‍ഷകരുടെ സമരങ്ങള്‍, തൃശ്ശൂരിലെ ഉള്‍നാടന്‍ മത്സ്യതൊഴിലാളി പ്രക്ഷോഭങ്ങള്‍ ഇവിടങ്ങളിലെല്ലാം അവളുടെ നിറസാന്നിധ്യമുണ്ടായിരുന്നു. ഞങ്ങളുടെ ജയില്‍ ജീവിതത്തിന്റെ ഇരുണ്ട നാളുകളില്‍ പ്രതീക്ഷയുടേയും ആത്മവിശ്വാസത്തിന്റെയും കൈത്തിരിയുമായി ആ കൗമാരക്കാരി ജയിലുകളില്‍ നിന്നും ജയിലുകളിലേക്കും കോടതികളില്‍ നിന്നും കോടതികളിലേക്കും അലഞ്ഞു”.മാവോയിസ്റ്റ് നേതാവ് രൂപേഷ് മകള്‍ ആമിയുടെ വിവാഹത്തിന് ആശംസയറിയിച്ചുകൊണ്ട് എഴുതിയ കത്തിലെ വാചകങ്ങളാണിത്. വിചാരണതടവുകാരനായി വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുകയാണ് രൂപേഷ്.19 നാണ് രൂപേഷിന്റെയും ഷൈനയുടേയും മകള്‍ ആമിയുടെ വിവാഹം.ജയിലില്‍ എത്താന്‍ സാധിക്കുമോ എന്നറിയില്ലെന്നു പറഞ്ഞാണ് രൂപേഷ് മകളോടൊപ്പമുള്ള ജീവിതത്തെ ഓര്‍ത്തെടുക്കുന്നത്.ആമി ഫേസ്ബുക്കിലൂടെയാണ് അച്ഛന്റെ കത്ത് പങ്കുവച്ചിരിക്കുന്നത്.
കത്തിന്റെ പൂര്‍ണ്ണരൂപം
1995 ആഗസ്റ്റ് 18 നാണ് ആമിമോളുടെ ജനനം. അതിനും മൂന്നുവര്‍ഷം മുമ്പുള്ള ഒരു വര്‍ഗ്ഗീസ് രക്തസാക്ഷിത്വത്തിനാണ് ഞാനും ഷൈനയും ഒന്നിച്ചു ജീവിക്കാന്‍ ആരംഭിച്ചത്. മുഴുനീള വിപ്ലവ പ്രവര്‍ത്തനം, അതിജീവനത്തിനായുള്ള കുഞ്ഞു കുഞ്ഞു ജോലികള്‍ ഇതിനിടയിലേക്കാണ് ആമിമോള് കടന്നുവരുന്നത്. വിപ്ലവ പ്രവര്‍ത്തനങ്ങള്‍ക്ക് കുഞ്ഞുങ്ങള്‍ തടസ്സമാകുമോ എന്ന ആധി അക്കാലത്തു ഞങ്ങള്‍ക്കുണ്ടായിരുന്നു. ഉമ്മയോടൊപ്പമുണ്ടായിരുന്ന ചെറിയ ഇടവേളകള്‍ മാറ്റിവെച്ചാല്‍ അവള് എല്ലായിടത്തും ഞങ്ങളോടൊപ്പമുണ്ടായിരുന്നു. . സമരങ്ങള്‍, പൊതുപരിപാടികള്‍, യോഗങ്ങള്‍, സമ്മേളനങ്ങള്‍ അങ്ങനെ എല്ലാ ഇടങ്ങളിലും ഒരു വയസ്സുമുതല്‍ ഞങ്ങളോട് ഒട്ടിപ്പിടിച്ച് അവളുണ്ടായിരുന്നു. നെല്ലിയാമ്പതിയിലേയും പുല്‍പ്പള്ളിയിലേയും ഇരിട്ടിയിലേയും ആദിവാസി സമരങ്ങള്‍, വൈത്തിരിയിലെ തോട്ടം തൊഴിലാളികളുടെ മുന്നേറ്റങ്ങള്‍, വൈപ്പിന്‍ കര്‍ഷകരുടെ സമരങ്ങള്‍, തൃശ്ശൂരിലെ ഉള്‍നാടന്‍ മത്സ്യതൊഴിലാളി പ്രക്ഷോഭങ്ങള്‍ ഇവടങ്ങളിലെല്ലാം അവളുടെ നിറസാന്നിധ്യമുണ്ടായിരുന്നു.ഞങ്ങളുടെ നിയമപഠനങ്ങളും നഗരത്തിലെ വ്യവസായതൊഴിലാളികള്‍ക്കിടയിലെ പ്രവര്‍ത്തനങ്ങളും അവളോടൊന്നിച്ചായിരുന്നു. അക്കാലത്ത് അവളുടെ ജന്മദിനങ്ങളും വെക്കേഷനുകളും ഈ തൊഴിലാളികളുടെ നാട്ടിലും വീട്ടിലും ആയിരുന്നല്ലോ. ഏഴാം വയസ്സുമുതല്‍ ഷൈനയോടൊന്നിച്ചുള്ള യാത്രകളായിരുന്നു. റാഞ്ചിയിലും കല്‍ക്കത്തയിലും ഡല്‍ഹിയിലും ബോംബെയിലും ബാംഗ്ലൂരുമൊക്കെ നടന്ന അഖിലേന്ത്യ പരിപാടികളില്‍ ഷൈനയോടൊപ്പം ആമിമോളുമുണ്ടായിരുന്നു.പതിമൂന്നാം വയസ്സുമുതല്‍ കാര്യങ്ങള്‍ ഇത്തിരി മാറിമറിഞ്ഞു.എല്ലാം സ്വന്തം മുന്‍കൈയില്‍ ആയി.പോകുന്നിടത്തെല്ലാം താച്ചുമണി (സവേര) യെ കൂട്ടി.കാതിക്കൂടമടക്കമുള്ള നിരവധി ജനകീയ സമരങ്ങളിലും യുവജനക്കൂട്ടായ്മകളുടേയും പാഠാന്തരത്തിലുമൊക്കെ മുന്‍നിരയില്‍ ഉണ്ടായിരുന്നു. പാതിരാത്രിക്ക് വീടിന്റെ വാതിലുകള്‍ ചവിട്ടിപ്പൊളിച്ചുള്ള റെയിഡുകള്‍ പതിവായത് അക്കാലത്തായിരുന്നു. മാവേലിക്കരയിലെ ഒരു പൊതുപരിപാടിയില്‍ വച്ച് 16 ഉം 10 ഉം വയസ്സായ രണ്ടു പേരെയും അറസ്റ്റു ചെയ്തു മഹിളാമന്ദിരത്തില്‍ അടച്ചതും അക്കാലത്തായിരുന്നു. സഖാവ്. കാനം അടക്കമുള്ള മുഖ്യധാരാ രാഷ്ട്രീയ നേതൃത്വത്തിന്റെയും ജനാധിപത്യ ശക്തികളുടേയും ശക്തമായ ഇടപെടലില്ലായിരുന്നെങ്കില്‍ ആമിമോളെ കോയമ്പത്തുര് കേസിലുള്‍പ്പെടുത്തി ഞങ്ങളോടൊപ്പം ജയിലിലടക്കുമായിരുന്നേനെ. ഞങ്ങളുടെ ജയില്‍ ജീവിതത്തിന്റെ ഇരുണ്ട നാളുകളില്‍ പ്രതീക്ഷയുടേയും ആത്മവിശ്വാസത്തിന്റേയും കൈത്തിരിയുമായി ആ കൗമാരക്കാരി ജയിലുകളില്‍ നിന്നും ജയിലുകളിലേക്കും കോടതികളില്‍ നിന്നും കോടതികളിലേക്കും അലഞ്ഞു. ഞങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തി. പഠിച്ച കോളേജുകളില്‍ നിന്നും വേണ്ടത്ര ഹാജറില്ലാത്തതിനാല്‍ പുറത്താക്കപ്പെടുമ്പോഴും ഞങ്ങള്‍ക്ക് വായിക്കാന്‍ പുസ്തകങ്ങള്‍ക്കായും എഴുതാന്‍ എഴുത്തുസാമഗ്രികള്‍ക്കും അവള് ഓടി നടന്നു. അവസാനം നീണ്ട ശ്രമങ്ങള്‍ക്കൊടുവില്‍ ജാമ്യത്തിലാണെങ്കിലും ഷൈനയുടെ വിമോചനത്തിനായി മറ്റു പലരോടുമൊപ്പം മുന്നില്‍ നിന്നു.
ഞങ്ങളുടെ ആമിമോള് പുതുജീവിതത്തിലേക്ക് കടക്കുകയാണ്. ഇണയും തുണയുമായ ജീവിത പങ്കാളിയെ അവള് തന്നെ കണ്ടെത്തിയിരിക്കുന്നു. ബാഗാളിലെ ദക്ഷിണ 24 പര്‍ഗാനയിലെ ശ്രീ. മദന്‍ ഗോപാലിന്റേയും ശ്രീമതി. ടുള്‍ടുളിന്റെയും മകനായ സഖാവ് ഓര്‍ക്കോദീപാണ് അവളുടെ പങ്കാളിയാകാന്‍ പോകുന്നത്. ഒന്നിച്ചുള്ള ദീര്‍ഘകാലത്തെ വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനങ്ങളില്‍ പരസ്പരം അറിയുന്നവരാണവര്‍. ഈ വരുന്ന മെയ് 19 ന് ഞായറാഴ്ചയാണ് ഒന്നിച്ചുള്ള ജീവിതമാരംഭിക്കാന്‍ അവര്‍ തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ നാലുവര്‍ഷമായി വിചാരണ തടവില്‍ കഴിയുന്ന എനിക്ക് അവരോടൊപ്പം ഉണ്ടാകാന്‍ ഉണ്ടാകാന്‍ സാധിക്കുമോ എന്നറിയില്ല. അതിനാല്‍ നിങ്ങളുടെ മുന്‍കൈയിലാകട്ടെ അവരുടെ കൂടിച്ചുചേരല്‍. അവരെ ആശംസിക്കാനും പുതുതലമുറയുടെ സ്വപ്നങ്ങളെ പിന്തുണക്കാനും സജീവമായി ഉണ്ടാകണം.
2019 ഏപ്രില്‍ 20
സ്നേഹാദരങ്ങളോടെ
വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും
രൂപേഷ്