ന്യൂഡല്‍ഹി:നരേന്ദ്ര മോദിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന് ക്ലീന്‍ ചിറ്റ് നല്‍കിയതില്‍ വിയോജിപ്പ് രേഖപ്പെടുത്തുമെന്ന നിലപാടില്‍ ഉറച്ച് കമ്മീഷന് അംഗം അശോക് ലവാസ. വിയോജിപ്പ് രേഖപ്പെടുത്തേണ്ടത് ഭരണഘടന ബാധ്യതയാണെന്ന് അശോക് ലവാസ പറഞ്ഞു.കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇന്ന് അടിയന്തര യോഗം നടക്കാനിരിക്കേയാണ് ലവാസ തന്റെ തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുന്നത് . ലവാസയുടെ വിയോജനക്കുറിപ്പുകള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നാണറിയുന്നത്.
നരേന്ദ്ര മോഡിക്കു തുടര്‍ച്ചയായി ക്ലീന്‍ ചിറ്റ് നല്‍കിയതില്‍ വിയോജിപ്പ് പ്രകടിപ്പിച്ചാണ് മൂന്നംഗ തെരഞ്ഞെടുപ്പു കമ്മിഷനിലെ അംഗമായ അശോക് ലവാസ കമ്മിഷന് യോഗങ്ങളില്‍നിന്നു രണ്ടാഴ്ചയായി വിട്ടുനില്‍ക്കുന്നത്. കമ്മീഷനിറക്കിയ ഉത്തരവുകളില്‍ അശോക് ലവാസയുടെ വിയോജിപ്പ് രേഖപ്പെടുത്താത്തതിലാണ് പ്രതിഷേധിച്ചത്. തുടര്‍ന്ന് തെരഞ്ഞെടുപ്പ് നടപടികളുമായി സഹകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ സുനില്‍ അറോറ ലവാസയ്ക്ക് കത്തയക്കുകയായിരുന്നു.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ സുനില്‍ അറോറ, കമ്മിഷണര്‍മാരായ അശോക് ലവാസ, സുശീല്‍ ചന്ദ്ര എന്നിവരാണ് കമ്മിഷനിലുള്ളത്.