മഞ്ചേരി:മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ആളുമാറി ശസ്ത്രക്രിയ നടത്തിയ സംഭവത്തില്‍ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു.ആശുപത്രിക്ക് സംഭവിച്ച ഗുരുതര പിഴവില്‍ അന്വേഷണം നടത്താന്‍ ആരോഗ്യമന്ത്രി കെ.കെ.ശൈലജ ഉത്തരവിട്ടു.
മലപ്പുറം കരുവാരക്കുണ്ട് സ്വദേശിയായ മുഹമ്മദ് ഡാനിഷ് എന്ന 7 വയസുകാരനാണ് ആളുമാറി നടത്തിയ ശസ്ത്രക്രിയയുടെ ഇരയായത്. മൂക്കിനുള്ളിലെ ദശ നീക്കം ചെയ്യുന്ന ശസ്ത്രക്രിയയ്ക്ക് പകരം വയറിനാണ് ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയക്ക് ശേഷം രക്ഷിതാക്കള്‍ ഇക്കാര്യം അറിയിച്ചപ്പോഴാണ് ഡോക്ടര്‍മാര്‍ക്ക് പിഴവ് മനസിലായത്.
വയറിന് ശക്ത്രക്രിയ നടത്തേണ്ടിയിരുന്നത് മണ്ണാര്‍ക്കാട് സ്വദേശിയായ ധനുഷിനായിരുന്നു.ധനുഷിനേയും ഇതേസമയം ഓപ്പറേഷന്‍ തീയേറ്ററില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവരുടെ പേരുകള്‍ തമ്മില്‍ മാറിപ്പോയതാണെന്നാണ് മെഡിക്കല്‍ കോളേജ് അധികൃതര്‍ നല്‍കിയ വിശദീകരണം.മാതാപിതാക്കള്‍ ആശുപത്രി സൂപ്രണ്ടിന് പരാതി നല്‍കിയതോടെയാണ് വിവരം പുറത്തറിഞ്ഞത്.