ന്യൂഡല്‍ഹി:കേരളത്തിലെ വയനാട്ടില്‍ റെക്കോഡ് വിജയം നേടിയ രാഹുല്‍ ഗാന്ധിക്ക് കോണ്‍ഗ്രസ് കുടുംബത്തിന്റെ കുത്തക മണ്ഡലമായ ഉത്തര്‍പ്രദേശിലെ അമേഠിയില്‍ പക്ഷേ പരാജയം അറിയേണ്ടിവന്നു.ബിജെപി സ്ഥാനാര്‍ത്ഥിയായ സ്മൃതി ഇറാനിയോട് നാല്‍പ്പതിനായിരത്തില്‍ പരം വോട്ടിനാണ് രാഹുല്‍ പരാജയപ്പെട്ടത്.2004 ലും 2009 ലും വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചുവന്ന് മണ്ഡലം പക്ഷേ മൂന്നാമങ്കത്തില്‍ രാഹുലിനെ കൈവിട്ടു. സോണിയാഗാന്ധിയും രാജീവ് ഗാന്ധിയും മല്‍സരിച്ചു വിജയിച്ച മണ്ഡലമാണ് അമേഠി.
വയനാട്ടില്‍ 431542 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രാഹുല്‍ ഗാന്ധി വിജയിച്ചത്.രാഹുല്‍ ഗാന്ധിക്ക് 705999 വോട്ടും എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി പി സുനീറിന് 274457 വോട്ടും ലഭിച്ചു.എന്‍ഡിഎ സ്ഥാനാര്‍ഥിയായി മത്സരിച്ച തുഷാര്‍ വെള്ളാപ്പള്ളിക്ക് 78809 വോട്ട് മാത്രമാണ് ലഭിച്ചത്.
കേരളത്തില്‍ രാഹുല്‍ ഗാന്ധിയുടെ വരവ്‌ മൊത്തം യുഡിഎഫ് സീറ്റുകള്‍ക്ക് നേട്ടമായെന്നു പറയുമ്പോഴും ദേശീയ തലത്തില്‍ ഏറ്റുവാങ്ങിയ പരാജയത്തില്‍ രാഹുല്‍ ഗാന്ധി നിരാശനാണ്. പരാജയത്തിന്റെ പൂര്‍ണ്ണമായ ഉത്തരവാദിത്വം ഏറ്റെടുത്ത രാഹുല്‍ കോണ്‍ഗ്രസ് അധ്യക്ഷ പദവി ഒഴിയാന്‍ സന്നദ്ധത പ്രകടിപ്പിച്ചതായാണറിയുന്നത്.വയനാട്ടില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ത്ഥിയായതു തന്നെ അമേഠിയില്‍ പരാജയപ്പെടുമെന്ന് ഭീതി കൊണ്ടാണെന്ന് ബിജെപി ആരോപിച്ചിരുന്നു. രാഹുല്‍ അമേഠിയില്‍ നിന്നും ഒളിച്ചോടുകയാണെന്നും അവിടുത്തെ ജനങ്ങളെ വഞ്ചിക്കുകയാണെന്നും സ്മൃതി ഇറാനിയടക്കം പറഞ്ഞിരുന്നു.