തിരുവനന്തപുരം: ഒരു തെരഞ്ഞെടുപ്പ് തോല്‍വികൊണ്ട് ഇടതുപക്ഷത്തെ എഴുതിത്തള്ളാമെന്ന് ആരും കരുതേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.പരാജയം താല്‍ക്കാലികമാണെന്നും കോടിയേരി പറഞ്ഞു.എസ്എഫ്‌ഐ സംസ്ഥാന പഠന ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സിപിഎമ്മിനെ എഴുതിത്തള്ളാമെന്നു കരുതുന്നവര്‍ക്ക് കനത്ത തിരിച്ചടി നല്‍കി മടങ്ങിവന്ന ചരിത്രമാണ് പാര്‍ട്ടിക്കുള്ളത്.
1977 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ സിപിഐ എമ്മിന് ഒരു സീറ്റ് പോലും കിട്ടിയില്ല. പിന്നാലെ 1979- ല്‍ തദ്ദേശഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുപ്പു നടന്നപ്പോള്‍ ഭൂരിപക്ഷം സിപിഎം നേടി. യുഡിഎഫ് തകര്‍ന്നു.1980 ല്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരം പിടിച്ചു.1984 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിപിഎം നേടിയത് ഒറ്റ സീറ്റാണ്.1987 ല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് ഒരു സീറ്റും കിട്ടില്ലെന്ന് മാധ്യമങ്ങള്‍ പറഞ്ഞെങ്കിലും എല്‍ഡിഎഫ് വന്‍ വിജയം നേടി.
തെരഞ്ഞെടുപ്പില്‍ തോറ്റാല്‍ കരഞ്ഞിരിക്കുന്നവരും ജയിച്ചാല്‍ അമിതാഹ്ലാദം പ്രകടിപ്പിക്കുന്നവരുമല്ല ഇടതുപക്ഷം.തിരിച്ചടിയുടെ കാരണം വസ്തുനിഷ്ടമായി പരിശോധിയ്ക്കും. ബൂത്ത് തലത്തില്‍ വരെ പരിശോധന നടത്തും_ കോടിയേരി പറഞ്ഞു.