തിരുവനന്തപുരം:എസ്എഫ് ഐക്കാരുടെ പേരെഴുതിവെച്ച് യൂണിവേഴ്സിറ്റി കോളേജില്‍ ആത്മഹത്യക്കു ശ്രമിച്ച വിദ്യാര്‍ത്ഥിനിക്ക് സര്‍വകലാശാല കോളേജ് മാറ്റത്തിന് അനുമതി നല്കി.സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗം ചേര്‍ന്ന് പെണ്‍കുട്ടിക്ക് വര്‍ക്കല എസ് എന്‍ കോളേജിലേക്ക് മാറ്റം നല്കി.ആര്‍ക്കെതിരെയും പരാതിയില്ലെന്നും കോളേജ് മാറ്റം വേണമെന്നും പെണ്‍കുട്ടി ആവശ്യപ്പെട്ടിരുന്നു. രണ്ടാം വര്‍ഷത്തിലേക്ക് പ്രവേശനം അനുവദിച്ചതോടൊപ്പം പെണ്‍കുട്ടിക്ക് മുടങ്ങിയ പരീക്ഷകള്‍ എഴുതാനും സര്‍വ്വകലാശാല അനുമതി നല്കി.ഇത് സംബന്ധിച്ച് പരീക്ഷാ കണ്‍ട്രോളറേയും രജിസ്ട്രാറേയും വിവരം അറിയിച്ചതായി സര്‍വകലാശാല അധികൃതര്‍ പറഞ്ഞു.
ക്ലാസുകളില്‍ ഇരിക്കാന്‍ അനുവദിക്കുന്നില്ലെന്നും സംഘടനാ പ്രവര്‍ത്തനത്തിനും പ്രകടനത്തിനും എസ്എഫ്ഐ പ്രവര്‍ത്തകര്‍ നിര്‍ബന്ധിച്ച് പങ്കെടുപ്പിക്കുന്നതായും ആരോപിച്ച് കഴിഞ്ഞ മെയ് മൂന്നിനാണ് പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പരീക്ഷാ സമയത്ത് പോലും ക്ലാസില്‍ നിന്ന് പുറത്തിറക്കി പരിപാടികളില്‍ പങ്കെടുപ്പിച്ചുവെന്നും പല തവണ പരാതി പറഞ്ഞിട്ടും അധ്യാപകര്‍ പോലും ഇത് അവഗണിക്കുന്നതായും കുട്ടി ആത്മഹത്യാകുറിപ്പില്‍ ആരോപിച്ചിരുന്നു.തുടര്‍ന്ന് പോലീസ് കേസെടുത്തെങ്കിലും പെണകുട്ടി പരാതിയില്ലെന്നു പറഞ്ഞ് പിന്മാറുകയായിരുന്നു.