ന്യൂ ഡല്‍ഹി: ആധാറിന്റെ ഭരണഘടനാ സാധുതയെ ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജികളില്‍ ഭരണഘടനാ ബെഞ്ച് നവംബര്‍ അവസാനവാരം മുതല്‍ വാദം കേള്‍ക്കുമെന്ന് സുപ്രീം കോടതി. അതേസമയം, സാമൂഹിക സുരക്ഷാ പദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയതിനെതിരെ ബംഗാള്‍ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. കേന്ദ്രസര്‍ക്കാര്‍ പാസ്സാക്കിയ നിയമത്തെ സംസ്ഥാന സര്‍ക്കാരിന് എങ്ങനെ ചോദ്യം ചെയ്യാന്‍ കഴിയുമെന്ന് കോടതി ആരാഞ്ഞു.

ആധാറിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജികളില്‍ ഫെബ്രുവരിയിലോ, മാര്‍ച്ചിലോ വാദം കേള്‍ക്കാമെന്ന് അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍ ഇന്ന് കോടതിയെ അറിയിച്ചു. എന്നാല്‍ ഹര്‍ജിക്കാര്‍ക്കായി ഹാജരായ സീനിയര്‍ അഭിഭാഷകരായ ശ്യാം ദിവാനും ഗോപാല്‍ സുബ്രമണ്യവും ഇതിനെ എതിര്‍ത്തു. വാദം അടുത്ത വര്‍ഷത്തിലേക്ക് മാറ്റുകയാണെങ്കില്‍ സാമൂഹിക സുരക്ഷാ പദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്നത് അതുവരെ നീട്ടിവെയ്ക്കണമെന്ന് ഇരുവരും ആവശ്യപ്പെട്ടു. തുടര്‍ന്നാണ് നവംബര്‍ അവസാനവാരം ആധാറിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജികള്‍ അഞ്ചംഗ ഭരണഘടനാബെഞ്ച് കേള്‍ക്കാം എന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയത്.

ഇതിനിടെ ആധാര്‍ കാര്‍ഡിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് ബംഗാള്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ നിയമം സംസ്ഥാനത്തിന് എങ്ങനെ ചോദ്യം ചെയ്യാനാകുമെന്നും കോടതി ചോദിച്ചു. പാര്‍ലമെന്റ് പാസാക്കിയ നിയമത്തെ ഫെഡറല്‍ സംവിധാനത്തില്‍ സംസ്ഥാനങ്ങള്‍ക്ക് ചോദ്യം ചെയ്യാനാകില്ല എന്ന് ജസ്റ്റിസുമാരായ എകെ സിക്രി, അശോക് ഭൂഷണ്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. ആവശ്യമെങ്കില്‍ വ്യക്തിയെന്ന നിലയില്‍ മമത ബാനര്‍ജിക്ക് ഇതിനെ ചോദ്യം ചെയ്യാമെന്നും കോടതി വ്യക്തമാക്കി.