ന്യൂഡല്‍ഹി: നരേന്ദ്ര മോഡിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കില്ലെന്നു പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി.മോദിയുടെ ക്ഷണം നിരസിച്ചുകൊണ്ട് ക്ഷമാപണവുമായി മമത കത്തയച്ചു.പശ്ചിമ ബംഗാളിലെ രാഷ്ട്രീയസംഘര്‍ഷങ്ങളില്‍ കൊല്ലപ്പെട്ട 54 ബിജെപി പ്രവര്‍ത്തകരുടെ കുടുംബങ്ങളെക്കൂടി മോഡിയുടെ സത്യപ്രതിജ്ഞാച്ചടങ്ങിലേക്ക് ക്ഷണിച്ചതായി വാര്‍ത്ത പുറത്തുവന്നതിന്റെ പശ്ചാത്തലത്തിലാണ് മമതയുടെ പിന്‍മാറ്റം.ബംഗാളില്‍ പ്രവര്‍ത്തകര്‍ രാഷ്ട്രീയസംഘര്‍ഷങ്ങളില്‍ കൊല്ലപ്പെട്ടെന്ന ബിജെപിയുടെ വാദം തെറ്റാണെന്നും സംസ്ഥാനത്ത് രാഷ്ട്രീയക്കൊലപാതകങ്ങള്‍ ഉണ്ടായിട്ടില്ലെന്നും മമത കത്തില്‍ ചൂണ്ടിക്കാണിക്കുന്നു.

‘അഭിനന്ദനങ്ങള്‍, നിയുക്ത പ്രധാനമന്ത്രി. ഭരണഘടനയെ മാനിച്ച് താങ്കളുടെ ക്ഷണം സ്വീകരിക്കാനായിരുന്നു എന്റെ തീരുമാനം. എന്നാല്‍ പശ്ചിമബംഗാളില്‍ 54 ബിജെപി പ്രവര്‍ത്തകര്‍ രാഷ്ട്രീയസംഘര്‍ഷങ്ങളില്‍ കൊല്ലപ്പെട്ടെന്ന് ബിജെപി അവകാശപ്പെടുന്നതായി അവസാന മണിക്കൂറുകളില്‍ ചില മാധ്യമറിപ്പോര്‍ട്ടുകള്‍ കണ്ടു.ഇത് പൂര്‍ണമായും തെറ്റാണ്. പശ്ചിമബംഗാളില്‍ രാഷ്ട്രീയക്കൊലപാതകങ്ങള്‍ ഉണ്ടായിട്ടില്ല.വ്യക്തി വിരോധമോ, കുടുംബങ്ങള്‍ തമ്മിലുള്ള വഴക്കോ, മറ്റ് സംഘര്‍ഷങ്ങളോ രാഷ്ട്രീയമായി ബന്ധമുള്ളതല്ല. അത്തരം ഒരു രേഖകളും ഞങ്ങളുടെ പക്കലില്ല.
അതുകൊണ്ടു തന്നെ ക്ഷമിക്കണം മോഡിജി, എനിക്ക് സത്യപ്രതിജ്ഞാച്ചടങ്ങില്‍ നിന്ന് പിന്‍മാറാതെ മറ്റൊരു വഴിയില്ല.
സത്യപ്രതിജ്ഞാ ചടങ്ങുകള്‍ ജനാധിപത്യത്തിന്റെ പരിപാവനമായ ആഘോഷമാകേണ്ടതാണ്.അല്ലാതെ ചില രാഷ്ട്രീയ പാര്‍ട്ടികള്‍ സത്യപ്രതിജ്ഞയെ രാഷ്ട്രീയലാഭത്തിന് വേണ്ടി ഉപയോഗിക്കുന്ന അവസരമാക്കി മാറ്റരുത്.എന്നോട് ക്ഷമിക്കുക’. എന്നായിരുന്നു മമത കത്തില്‍ പറഞ്ഞത്.