ബംഗളൂരു:പ്രശസ്ത കന്നട സാഹിത്യകാരനും ജ്ഞാനപീഠം ജേതാവും ചലച്ചിത്രകാരനുമായ ഗിരീഷ് കര്‍ണ്ണാട് (81) അന്തരിച്ചു.വാര്‍ധക്യ സഹജമായ അസുഖത്തെത്തുടര്‍ന്നാണ് മരണം.കന്നട സാഹിത്യത്തിനെ പുതിയ തലത്തിലെത്തിച്ച ഗിരീഷ് കര്‍ണ്ണാട് ചലച്ചിത്ര നാടക മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ചു.കേന്ദ്ര സംഗീതനാടക അക്കാദമി അധ്യക്ഷനായിരുന്നു.രാജ്യം പദ്മഭൂഷണ്‍,പത്മശ്രീ ബഹുമതികള്‍ നല്‍കി അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.8 സിനിമകള്‍ സംവിധാനം ചെയ്ത ഗിരീഷ് കര്‍ണ്ണാടിന് വംശവൃക്ഷമെന്ന ചലച്ചിത്രത്തിന് ദേശീയ പുരസ്‌കാരം ലഭിച്ചു. ഹയവദന, യയാതി,തുഗ്‌ളക് എന്നിവയാണ് പ്രധാന നാടകങ്ങള്‍.

സിനിമയില്‍ നടന്‍, തിരക്കഥാകൃത്ത്, ചലച്ചിത്രസംവിധായകന്‍ എന്നീ നിലകളില്‍ ഗിരീഷ് കര്‍ണാട് പ്രവര്‍ത്തിച്ചിട്ടുണ്ട്. ദി പ്രിന്‍സ്, നീലക്കുറിഞ്ഞി പൂത്തപ്പോള്‍ എന്നീ മലയാള സിനിമകളില്‍ അഭിനയിച്ചു.ടെലിവിഷന്‍ പരമ്പരയായ ‘മാല്‍ഗുഡി ഡേയ്സില്‍ പ്രധാനവേഷം ചെയ്തിരുന്നു.

1938 മെയ് 19-ന് മഹാരാഷ്ട്രയിലെ മാഥേരാനിലാണ് ജനിച്ചത്.1958-ല്‍ ബിരുദം നേടി.ഫിലോസഫി, പൊളിറ്റിക്കല്‍ സയന്‍സ് ഇകണോമിക്‌സ് എന്നിവ ഐഛികവിഷയങ്ങളായെടുത്ത് എംഎ ബിരുദം നേടി. മദിരാശിയിലെ ഓക്സ്ഫെഡ് യൂനിവഴ്‌സിറ്റി പ്രസ്സിന്റെ മാനേജരായി പ്രവര്‍ത്തിച്ചു.

ബംഗളൂരു നഗരത്തില്‍ ഗൗരി ലങ്കേഷ് അനുസ്മരണത്തില്‍ പങ്കെടുക്കവെ ‘ഞാനും അര്‍ബന്‍ നക്സലാണ്’ എന്ന പ്ലക്കാര്‍ഡ് കഴുത്തലണിഞ്ഞ് അദ്ദേഹം പ്രതിഷേധിച്ച് രോഗബാധിതനായിരിക്കുമ്പോഴാണ്.പ്രതിഷേധത്തിന്റെ പേരില്‍ ഗിരീഷ് കര്‍ണാടിനെ കള്ളക്കേസില്‍ കുടുക്കാന്‍ സംഘപരിവാര്‍ ശ്രമിക്കുകയും സമൂഹമാധ്യമങ്ങളിലൂടെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.