പത്താന്‍കോട്ട്:കാശ്മീരിലെ കത്വയില്‍ എട്ടുവയസുകാരിയെ കൂട്ടബലാല്‍സംഗം ചെയ്തു കൊലപ്പെടുത്തിയ കേസില്‍ മൂന്ന്പേര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു.സഞ്ജി റാം,പര്‍വേശ്, ദീപക് ഖജാരിയ എന്നിവര്‍ക്കാണ് ജീവപര്യന്തം.മറ്റ് മൂന്ന് പ്രതികളായ ആനന്ദ് ദത്ത,സബ് ഇന്‍സ്‌പെക്ടര്‍ സുരേന്ദര്‍ വെര്‍മ, ഹെഡ് കോണ്‍സ്റ്റബിള്‍ തിലക് രാജ് എന്നിവര്‍ക്ക് അഞ്ച് വര്‍ഷം കഠിന തടവും അമ്പതിനായിരം രൂപ പിഴയുമാണ് വിധിച്ചത്.പഠാന്‍കോട്ട് ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷാവിധി പുറപ്പെടുവിച്ചത്.സാഞ്ചി റാമിന്റെ മകന്‍ വിശാലിനെ കുറ്റക്കാരനല്ലെന്ന് കണ്ടത്തി കോടതി വെറുതെ വിട്ടു.പ്രായപൂര്‍ത്തിയാകാത്ത ഒരു പ്രതിയുടെ വിചാരണ പ്രത്യേകം നടത്തി വിധി പറയും.കൊലപാതകം, തട്ടിക്കൊണ്ട് പോകല്‍, ബലാത്സംഗം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് വിധി പ്രസ്താവിച്ചിരിക്കുന്നത്.
2018 ജനുവരിയിലാണ് രാജ്യത്തെ നടുക്കിയ സംഭവം നടന്നത്.എട്ട് വയസുകാരിയായ പെണ്‍കുട്ടി പ്രദേശത്തെ ക്ഷേത്രത്തില്‍ വെച്ചാണ് ക്രൂരമായ പീഡനത്തിനിരയായത്.മയക്കുമരുന്നുകള്‍ നല്‍കിയശേഷമാണ് പെണ്‍കുട്ടിയെ ദിവസങ്ങളോളം ക്രൂരമായി പീഡിപ്പിച്ചത്.പിന്നീട് ശ്വാസം മുട്ടിച്ചും കല്ലുകൊണ്ട് തലയ്ക്കടിച്ചും കൊലപ്പെടുത്തി. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ അടങ്ങുന്ന ബകര്‍വാള്‍ നാടോടി വിഭാഗത്തെ ഗ്രാമത്തില്‍ നിന്നും തുരത്തിയോടിക്കുന്നതിനാണ് പെണ്‍കുട്ടിയെ ദിവസങ്ങളോളം തടവില്‍ വെച്ച് പീഡിപ്പിച്ചതെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.