പോര്‍ബന്തര്‍:അറബിക്കടലില്‍ രൂപം കൊണ്ട വായു ചുഴലിക്കാറ്റ് ഗുജറാത്തില്‍ കര തൊടാതെ ദിശമാറിയതായി കാലാവസ്ഥാകേന്ദ്രം. നേരത്തെ കാറ്റ് ഗുജറാത്ത് തീരത്തേക്ക് നീങ്ങുകയായിരുന്നെങ്കിലും നിലവില്‍ ചുഴലിക്കാറ്റിന്റെ സഞ്ചാരപാതയില്‍ മാറ്റം വന്നിരിക്കുകയാണ്. ഗുജറാത്ത് തീരത്തിന് സമാന്തരമായി സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് ദ്വാരകയ്ക്ക് സമീപം കടലില്‍ തന്നെ ഇല്ലാതാവും എന്നാണ് കാലാവസ്ഥാ വിദഗ്ദ്ധരുടെ എറ്റവും പുതിയ പ്രവചനം. അതുകൊണ്ടു തന്നെ ചുഴലിക്കാറ്റിന് ഗുജറാത്തില്‍ അപകടകാരിയാവില്ലെന്നാണ് നിഗമനം.
എന്നാല്‍ തീരത്തിനു സമാന്തരമായി കാറ്റ് കടന്നു പോവുന്നതുകൊണ്ട് തന്നെ ഗുജറാത്ത് തീരത്ത് അതീവജാഗ്രത തുടരും. അമ്രേലി, ഗിര്‍ സോംനാഥ്, ദിയു, ജുനാഗര്‍, പോര്‍ബന്ദര്‍, രാജ്‌കോട്ട്, ജാംനഗര്‍, ദേവ്ഭൂമി ദ്വാരക, കച്ച് എന്നവിടങ്ങളില്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവാസ്ഥാകേന്ദ്രം മുന്നറിയിപ്പു നല്‍കുന്നു.
ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടര്‍ന്ന് തീരപ്രദേശങ്ങളിലെ മൂന്നുലക്ഷം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു.വിമാനത്താവളങ്ങള്‍ അടച്ചിടുകയും സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.