കൊച്ചി:സര്‍ക്കാരിന് തിരിച്ചടിയായി ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് ശുപാര്‍ശകള്‍ നടപ്പാക്കുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തു.റിപ്പോര്‍ട്ടിലെ തുടര്‍നടപടികള്‍ കോടതി തടഞ്ഞു.റിപ്പോര്‍ട്ടിനെതിരെ അധ്യാപകര്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍. വിശദീകരണം ആവശ്യപ്പെട്ട് സര്‍ക്കാരിന് ഹൈക്കോടതി നോട്ടീസ് അയച്ചു.
ഡോ എം എ ഖാദര്‍ ചെയര്‍മാനും ജി ജ്യോതിചൂഢന്‍, ഡോ സി രാമകൃഷ്ണന്‍ എന്നിവര്‍ അംഗങ്ങളുമായി രൂപീകരിച്ച ഖാദര്‍ കമ്മറ്റി പ്ലസ് ടു വരെയുള്ള സ്‌കൂള്‍ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് പഠിക്കാനാണ് നിയോഗിക്കപ്പെട്ടത്. പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ്, ഹയര്‍ സെക്കണ്ടറി ഡയറക്ടറേറ്റ്, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി ഡയറക്ടറേറ്റ് എന്നിവ സംയോജിപ്പിച്ച് ഒന്നാക്കുക എന്നതായിരുന്നു ഖാദര്‍ കമ്മീഷന്റെ പ്രധാനശുപാര്‍ശ.
റിപ്പോര്‍ട്ട് അംഗീകരിച്ച് ജൂണ്‍ ഒന്നിന് സര്‍ക്കാര്‍ ഉത്തരവിറക്കിയതിനെത്തുടര്‍ന്ന് പ്രതിപക്ഷ അധ്യാപക സംഘടനകള്‍ പ്രതിഷേധിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ നിലപാട് മാറ്റാത്തതിനെത്തുടര്‍ന്ന് എന്‍ എസ് എസും, ഒരു കൂട്ടം അദ്ധ്യാപകരും ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു .