കൊല്‍ക്കത്ത:പശ്ചിമ ബംഗാളില്‍ ഡോക്ടര്‍മാര്‍ നടത്തിവന്ന് അനിശ്ചിതകാലസമരം അവസാനിപ്പിച്ചു.മുഖ്യമന്ത്രി മമതാബാനര്‍ജിയുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് തീരുമാനം.ബംഗാളിലെ സമരത്തിനു പിന്തുണ നല്‍കി രാജ്യവ്യാപകമായി ഡോക്ടര്‍മാര്‍ സമരം നടത്തിയതോടെയാണ് മമതാ ബാനര്‍ജി സമരക്കാര്‍ക്കു മുന്നില്‍ മുട്ടു മടക്കിയത്.സമരക്കാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന് മമത ഉറപ്പു നല്‍കി.
മാധ്യമങ്ങളുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തണമെന്ന ഡോക്ടര്‍മാരുടെ ആവശ്യം ആദ്യം അംഗീകരിക്കാതിരുന്ന സര്‍ക്കാര്‍, പിന്നീട് രണ്ടു ചാനല്‍ ക്യാമറകളുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്താന്‍ തയ്യാറാവുകയായിരുന്നു. ചര്‍ച്ച നടത്താനുള്ള സര്‍ക്കാരിന്റെ ക്ഷണം നേരത്തെ ഡോക്ടര്‍മാര്‍ തള്ളിയിരുന്നു. മമത മാപ്പു പറഞ്ഞതിന് ശേഷം ചര്‍ച്ചയാകാം എന്നായിരുന്നു ഡോക്ടര്‍മാരുടെ നിലപാട്. എന്നാല്‍ ഒരാഴ്ചയായി നീണ്ടുപോകുന്ന സമരം സംസ്ഥാനത്തെ ആരോഗ്യമേഖലയെ പ്രതികൂലമായി ബാധിച്ച സാഹചര്യത്തിലാണ് ചര്‍ച്ചയ്ക്ക് തയ്യാറാകാന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചത്.സമരസമിതിയുടെ അധ്യക്ഷനുള്‍പ്പെടെ 31 ഡോക്ടര്‍മാരാണ് മമതാ ബാനര്‍ജി വിളിച്ച സമവായ ചര്‍ച്ചയില്‍ പങ്കെടുത്തത്.
എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും പരാതി പരിഹാര സംവിധാനം ഉറപ്പാക്കാമെന്ന് മമതാ ബാനര്‍ജി പ്രഖ്യാപിച്ചു. ആശുപത്രികളില്‍ എമര്‍ജന്‍സി വാര്‍ഡുകളിലും കാഷ്വാലിറ്റികളിലും സുരക്ഷ കൂട്ടും. എമര്‍ജന്‍സി വാര്‍ഡുകളുടെ കവാടത്തില്‍ ഗ്രില്ലുകളുള്ള ഗേറ്റുകളും സ്ഥാപിക്കും.
ജൂണ്‍ 12-ാം തീയതി കൊല്‍ക്കത്തയിലെ എന്‍ആര്‍എസ് മെഡിക്കല്‍ കോളേജില്‍ രോഗി മരിച്ചത് ചികിത്സാപ്പിഴവാണെന്ന് ആരോപിച്ച് ബന്ധുക്കള്‍ ജൂനിയര്‍ ഡോക്ടര്‍മാരെ മര്‍ദ്ദിച്ചിരുന്നു.ഇതില്‍ പ്രതിഷേധിച്ചായിരുന്നു അനിശ്ചിതകാല സമരം.