തിരുവനന്തപുരം:കല്ലട ബസിലുണ്ടായ പീഡന പരാതിയില്‍ പ്രതിയായ ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കാന്‍ നിര്‍ദേശിച്ചതായി ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍. മോട്ടോര്‍ വാഹനച്ചട്ടം 21 പ്രകാരമാണ് നടപടി. പീഡനപരാതിയിലും കര്‍ശന നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.ബസ് അരുണാചല്‍ പ്രദേശില്‍ രജിസ്റ്റര്‍ ചെയ്തതിനാല്‍ ബസിന്റെ പെര്‍മിറ്റ് കേരളത്തില്‍ റദ്ദാക്കാന്‍ കഴിയില്ല. അന്തര്‍സംസ്ഥാന സര്‍വീസുകളിലെ നിയമലംഘനം കണ്ടെത്താനുള്ള ‘ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്സ്’ ഊര്‍ജിതമാക്കുമെന്നും മന്ത്രി പറഞ്ഞു.
കല്ലട ബസിലെ രണ്ടാം ഡ്രൈവറായ കോട്ടയം സ്വദേശി ജോണ്‍സന്‍ ജോസഫാണ് പീഡനപരാതിയിലെ പ്രതി.ഇയാളെ തേഞ്ഞിപ്പലം പോലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നു പുലര്‍ച്ചെയോടെ സുരേഷ് കല്ലട ഗ്രൂപ്പിന്റെ കല്ലട ബസിലാണ് പരാതിക്കാസ്പദമായ സംഭവം.കണ്ണൂരില്‍ നിന്നും കൊല്ലത്തേക്കു വരികയായിരുന്ന തമിഴ്‌നാട് സ്വദേശിനിയായ യുവതിയെ ജോണ്‍സണ്‍ ശാരീരികമായി ഉപദ്രവിച്ചുവെന്നാണ് പരാതി. യുവതി ബഹളം വെച്ചതോടെ ബസിലെ മറ്റു യാത്രക്കാര്‍ ഇടപെട്ട് പ്രതിയെ പിടികൂടി പോലീസിലേല്‍പ്പിക്കുകയായിരുന്നു. മലപ്പുറം തേഞ്ഞിപ്പലത്തുവെച്ചാണ് ബസ് പോലീസ് പിടിച്ചെടുത്തത്.