ദില്ലി: മുത്തലാഖ് ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചു. ഭരണഘടനയും കീഴ്വഴക്കവും ഉന്നയിച്ച് പ്രതിപക്ഷം ബഹളം വെച്ച് എതിര്‍ത്തെങ്കിലും സ്പീക്കര്‍ ബില്ലിന് അനുമതി നല്‍കുകയായിരുന്നു. വോട്ടെടുപ്പില്‍ 74 നെതിരെ 186 അംഗങ്ങള്‍ ബില്‍ അവതരണത്തെ അനുകൂലിച്ചു. 17 മത് ലോക്സഭയില്‍ സര്‍ക്കാര്‍ അവതരിപ്പിക്കുന്ന ആദ്യത്തെ ബില്ലാണ് മുത്തലാഖ് ബില്‍.നിയമമന്ത്രി രവിശങ്കര്‍ പ്രസാദാണ് ബില്‍ അവതരിപ്പിച്ചത്.
2017-ല്‍ കൊണ്ടുവന്ന മുസ്ലിം സ്ത്രീ സംരക്ഷണ നിയമത്തില്‍ നിരവധി ഭേദഗതികള്‍ വരുത്തിയാണ് പുതിയ മുത്തലാഖ് ബില്‍ അവതരിപ്പിച്ചത്. മുസ്ലിംകളെ ലക്ഷ്യം വെച്ചുള്ള നിയമമാണിതെന്ന് ബില്ലിനെ എതിര്‍ത്തുകൊണ്ട് കോണ്‍ഗ്രസ് പറഞ്ഞു. വിവാഹശേഷം സ്ത്രീകളെ ഉപേക്ഷിക്കുന്ന എല്ലാവര്ക്കും ബാധകമായ നിയമമാണ് വേണ്ടതെന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി. സിവില്‍ നിയമങ്ങളുടെ പരിധിയില്‍ വരുന്ന കാര്യങ്ങള്‍ മുസ്ലിംകള്ക്ക് മാത്രമായി ബി.ജെ.പി ക്രിമിനല്‍വല്‍ക്കരിക്കുകയാണെന്ന് എന്‍.കെ പ്രേമചന്ദ്രന് പറഞ്ഞു. മുസ്ലിങ്ങളെ മുഖ്യശത്രുവാക്കി രാഷ്ട്രീയ മുതലെടുപ്പാണ് മുത്തലാഖ് ബില്ലിലൂടെ ബി.ജെ.പി നടത്തുന്നതെന്ന് മുസ്ലിം ലീഗ് ആരോപിച്ചു.
എന്നാല്‍ മതപരമായ നിയമനിര്‍മ്മാണമല്ലെന്നും നീതിക്ക് വേണ്ടിയുള്ള നിയമമാണെന്നും കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. മൂന്ന് തലാഖ് ചൊല്ലി വിവാഹം വേര്‍പെടുത്തുന്നത് ക്രിമിനല്‍ കുറ്റമാക്കി വ്യവസ്ഥ ചെയ്യുന്നതാണ് ബില്‍. കഴിഞ്ഞ വര്‍ഷം മുത്തലാഖ് നിരോധിച്ചുകൊണ്ട് സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവിനെത്തുടര്‍ന്നായിരുന്നു ബില്‍ കൊണ്ടുവന്നത്.