ചെന്നൈ: കനത്ത മഴ തുടരുന്ന ചെന്നൈ നഗരത്തില്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രത്യേക ജാഗ്രത നിര്‍ദ്ദേശത്തെ തുടര്‍ന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ ഇന്നും അവധി പ്രഖ്യാപിച്ചു. മറ്റു സ്‌കൂളുകള്‍ മൂന്ന മണിക്ക് മുന്‍പ് കുട്ടികളെ വീട്ടിലേക്ക് വിടാനും നിര്‍ദ്ദേശമുണ്ട്.

എന്നാല്‍, ഇന്നും ചെന്നൈയ്ക്ക് മേല്‍ മേഘങ്ങള്‍ ഉരുണ്ടുകൂടിയിരിക്കുകയാണ്. ഇന്ന് മുഴുവന്‍ കനത്ത മഴയ്ക്ക് വഴിവയ്ക്കുമെന്ന കാലാവസ്ഥാ മുന്നറിയിപ്പിനെ തുടര്‍ന്നാണ് വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചത്. കനത്ത മഴയെ തുടര്‍ന്ന് ചെന്നൈയെ കൂടാതെ സമീപപ്രദേശങ്ങളായ കാഞ്ചീപുരം, തിരുവള്ളുവര്‍, പുതുച്ചേരി എന്നിവിടങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കിയിരിക്കുകയാണ്.

2015ലുണ്ടായ വെള്ളപ്പൊക്കത്തിന്റെ അനുഭവത്തില്‍ ഇക്കുറി വിശദമായ തയ്യാറെടുപ്പുകളാണ് ചെന്നൈ മഴയെ നേരിടാനൊരുക്കിയിരിക്കുന്നത്.
ഓവുചാലുകളെല്ലാം വൃത്തിയാക്കിയ അധികൃതര്‍ വെള്ളം കെട്ടിക്കിടക്കാന്‍ സാധ്യതയുള്ള മുന്നൂറോളം സ്ഥലങ്ങള്‍ കണ്ടെത്തുകയും അടിയന്തര സാഹചര്യം വന്നാല്‍ വെള്ളം വറ്റിക്കുന്നതിനായി 400 മോട്ടോര്‍ പമ്പുകള്‍ സജ്ജമാക്കുകയും ചെയ്തിട്ടുണ്ട്.