ന്യൂഡല്‍ഹി:ശബരിമലയിലെ ആചാരം സംരക്ഷിച്ച് സുപ്രീം കോടതി വിധിക്കു മുമ്പുള്ള അവസ്ഥ പുന:സ്ഥാപിക്കണമെന്നാവശ്യപ്പെട്ടുള്ള പ്രേമചന്ദ്രന്റെ സ്വകാര്യ ബില്‍ നറുക്കു വീഴാത്തതിനാല്‍ പാര്‍ലമെന്റ് ആദ്യഘട്ടത്തില്‍ ചര്‍ച്ച ചെയ്യില്ല.
മുപ്പത് സ്വകാര്യ ബില്ലുകളാണ് നറുക്കെടുപ്പിനുണ്ടായിരുന്നത്.ഇതില്‍ ശബരിമല ഉള്‍പ്പെടെ പ്രേമചന്ദ്രന്‍ അവതരിപ്പിച്ച നാല് ബില്ലുകളും പുറത്തായി. അഞ്ച് ബില്ലുകള്‍ ചര്‍ച്ചയ്‌ക്കെടുക്കാന്‍ നറുക്കെടുപ്പിലൂടെ തീരുമാനിക്കുകയായിരുന്നു. 12ന് ചേരുന്ന പാര്‍ലമെന്റ് സമ്മേളനത്തിലാണ് തിരഞ്ഞെടുത്ത ബില്ലുകള്‍ ചര്‍ച്ച ചെയ്യുക.
‘ശബരിമല ശ്രീധര്‍മ്മശാസ്താ ക്ഷേത്ര ബില്‍ ‘എന്ന പേരിലാണ് പ്രേമചന്ദ്രന്‍ ബില്‍ അവതരിപ്പിച്ചത്.17-ാം ലോക്‌സഭയിലെ ആദ്യത്തെ സ്വകാര്യ ബില്ലായിരുന്നു ഇത്.ആദ്യഘട്ടത്തില്‍ ചര്‍ച്ചക്ക് എടുത്തിട്ടില്ലെങ്കിലും പ്രേമചന്ദ്രന്റെ ബില്‍ പൂര്‍ണമായും തള്ളപ്പെടില്ല.ഇനി വരുന്ന് പാര്‍ലമെന്റ് സമ്മേളനങ്ങളില്‍ ബില്‍
ചര്‍ച്ചയ്‌ക്കെടുക്കാന്‍ കഴിയും.