തിരുവനന്തപുരം:തിരുവനന്തപുരം അട്ടക്കുളങ്ങര വനിത ജയിലിലെ രണ്ട് തടവുകാരികള്‍ ജയില്‍ചാടി. ശില്‍പ മോള്‍,സന്ധ്യ എന്നീ തടവുകാരെയാണ് കാണാതായത്. വൈകുന്നേരം നാലര മണിക്ക് ശേഷം തടവുകാരെ തിരികെ സെല്ലിലേക്ക് പ്രവേശിപ്പിക്കുമ്പോഴാണ് ഇരുവരെയും കാണാതായതായി സഹതടവുകാര്‍ അറിയിച്ചത്. രണ്ടുപേരും മോഷണക്കേസിലെ പ്രതികളാണ്.
ജയിലിന്റെ പിന്നിലായി മാലിന്യം തള്ളുന്ന സ്ഥലത്തുകൂടി ചാടി രക്ഷപ്പെടുകയായിരുന്നെന്നാണ് സൂചന. ജയില്‍ ഉദ്യോഗസ്ഥരും പൊലീസും ചേര്‍ന്ന് തെരച്ചില്‍ തുടരുകയാണ്.രണ്ടുപേരും ജില്ല വിട്ടതായാണ് പോലീസ് കരുതുന്നത്.ബസ്‌സ്റ്റാന്റുകളിലും റെയില്‍വേസ്‌റ്റേഷനുകളിലും ഇവരുടെ ഫോട്ടോകള്‍ നല്‍കിക്കഴിഞ്ഞു.ജയില്‍ മേധാവി ഋഷിരാജ് സിംഗ് സ്ഥലത്തെത്തി.