മുംബൈ:ബീഹാര്‍ സ്വദേശിനി നല്‍കിയ പീഡന പരാതിയില്‍ ബിനോയ് കോടിയേരി സമര്‍പ്പിച്ച ജാമ്യ ഹര്‍ജിയില്‍ വിധി പറയുന്നത് കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി. അതിനാല്‍ ബിനോയിയുടെ അറസ്റ്റും തിങ്കളാഴ്ചവരെ തടഞ്ഞു.മുംബൈയിലെ ദിന്‍ഡോഷി സെഷന്‍സ് കോടതിയുടേതാണ് നടപടി.

ബിനോയിയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യണമെന്നും ഡിഎന്‍എ പരിശോധനയ്ക്കായി സാമ്പിള്‍ ശേഖരിക്കണമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. അതുകൊണ്ട് ബിനോയിക്ക് ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.എന്നാല്‍, പരാതിക്കാരിയുടെ മൊഴിയില്‍ വൈരുധ്യമുണ്ടെന്നാണ് പ്രതിഭാഗം കോടതിയില്‍ വാദിച്ചത്.യുവതി ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ശ്രമമാണ് നടത്തുന്നതെന്നും പ്രതിഭാഗം വാദിച്ചു.പരാതിക്കാരിക്ക് സ്വകാര്യ അഭിഭാഷകനെ നിയമിക്കാമെന്ന് കോടതി അറിയിച്ചു.
അതേസമയം യുവതി ബിനോയിക്കെതിരെ കൂടുതല്‍ തെളിവുകള്‍ ഹാജരാക്കി.സ്വന്തം ഇമെയില്‍ ഐഡിയില്‍ നിന്നും യുവതിക്കും കുട്ടിക്കും ബിനോയ് ടൂറിസ്റ്റ് വിസ അയച്ചതിന്റെ രേഖകള്‍ യുവതി കോടതിയില്‍ സമര്‍പ്പിച്ചു.വിസയ്‌ക്കൊപ്പം ദുബായ് സന്ദര്‍ശിക്കാന്‍ വിമാന ടിക്കറ്റുകളും അയച്ച് നല്‍കി. ബിനോയ് ഇപ്പോഴും ഒളിവിലാണ്.ബിനോയ്‌ക്കെതിരെ ഓഷിവാരാ പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്.