സംസ്ഥാനത്ത് കസ്റ്റഡി മരണങ്ങളും പൊലീസിന്റെ തേര്‍വാഴ്ചയും വ്യാപകമായിരിക്കുകയാണെന്നും ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്ക് പൊലീസിന്‍മേലുള്ള നിയന്ത്രണം നഷ്ടപ്പെട്ടിരിക്കുകയാണെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ജില്ലാ കോണ്‍ഗ്രസ് ജനറല്‍ ബോഡിയോഗവും കൊലപാതക രാഷ്ട്രീയത്തിനെതിരെയുള്ള കെപിസിസിയുടെ ഡിജിറ്റല്‍ ഒപ്പ് ശേഖരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പിണറായി സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷം വാരാപുഴയിലെ ശ്രീജിത്തിന്റേതടക്കം ആറ് കസ്റ്റഡിമരണങ്ങള്‍ നടന്നു. സംസ്ഥാന ഭരണകൂട ഭീകരതയാണ് അരങ്ങേറിക്കൊണ്ടിരിക്കുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. സംഘപരിവാറിന്റെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ ദലിതരേയും പാവങ്ങളേയും പീഡിപ്പിച്ച് കൊല്ലുകയാണെന്നും ബിജെപിയുടെ ജനപ്രതിനിധികള്‍പോലും പീഡനകേസില്‍ ഉള്‍പ്പെട്ടിട്ടും കേസ് എടുക്കുവാന്‍ പോലും തയ്യാറാവാത്ത സ്ഥിതിയാണ് ഉത്തരേന്ത്യയില്‍ അടക്കം രാജ്യത്ത് നിലനില്‍ക്കുന്നത്.