മുസാഫര്‍ഗഡ്: കാമുകനൊത്ത് ജീവിക്കുന്നതിന് വേണ്ടി ഭര്‍ത്താവിനെ കൊല്ലാന്‍ തയ്യാറാക്കിയ വിഷപ്പാല്‍ കൂടിച്ച് മരിച്ചത് 13 പേര്‍. പാകിസ്ഥാനിലെ മുസാഫര്‍ഗഡിലായിരുന്നു സംഭവം. അംജദ് എന്ന യുവാവിന്റെ ഭാര്യ തെഹ്‌സില്‍ സ്വദേശിയായ ആസിയ (20)യെ പൊലീസ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തു.

കുട്ടികളടക്കമുള്ള 14 പേരെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. രണ്ട് മാസം മുന്പാണ് ആസിയയുടെ സമ്മതമില്ലാതെ മാതാപിതാക്കള്‍ വിവാഹം നടത്തിയത്. ഇതിനിടെ, വിവാഹത്തില്‍ താല്‍പര്യമില്ലാതിരുന്ന ആസിയ കാമുകനൊത്ത് ഒളിച്ചോടാന്‍ ശ്രമം നടത്തിയെങ്കിലും മാതാപിതാക്കള്‍ പിടികൂടി. പിന്നാലെ വിവാഹവും നടത്തി. ഇതോടെയാണ് ഭര്‍ത്താവ് അംജദിനെ കൊല്ലാന്‍ ആസിയയും കാമുകനും ചേര്‍ന്ന് പദ്ധതിയിട്ടത്.

വിഷം കാമുകനാണ് ആസിയയ്ക്ക് നല്‍കിയതെന്ന് ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു. ആസിയ നല്‍കിയ വിഷം കലര്‍ന്ന പാല്‍ ഭര്‍ത്താവ് കുടിച്ചില്ല. ആസിയയുടെ ഭര്‍തൃമാതാവ് പാലെടുത്ത് ലസി തയ്യാറാക്കുകയായിരുന്നു. ഇത് കുട്ടികള്‍ക്കും മറ്റ് കുടുംബാംഗങ്ങള്‍ക്കും നല്‍കുകയും ചെയ്യുകയായിരുന്നു.

പാല്‍ കുടിച്ചവര്‍ അവശരായി വീണതിനെ തുടര്‍ന്ന് ഛര്‍ദ്ദിയും അനുഭവപ്പെട്ടു. ഉടന്‍ തന്നെ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. തുടക്കത്തില്‍ ഭക്ഷ്യവിഷബാധയാണെന്നാണ് കരുതിയത്. എന്നാല്‍, പൊലീസിന്റെ വിശദമായ അന്വേഷണത്തില്‍ പാലില്‍ വിഷം കലര്‍ത്തിയെന്ന് കണ്ടെത്തിയത്.