മുംബൈ:മഹാരാഷ്ട്രയില്‍ വന്‍ നാശം വിതച്ച് കനത്ത് മഴ തുടരുകയാണ്.കനത്ത മഴ മൂലമുണ്ടായ അപകടങ്ങളില്‍ 21 പേര്‍ മരിച്ചു.മുംബൈ മലാഡില്‍ മതിലിടിഞ്ഞു വീണ് 13 പേര്‍ മരിച്ചു.4 പേരെ രക്ഷപ്പെടുത്തി.കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ഒരു സ്ത്രീയും കുട്ടിയും കുടുങ്ങിക്കിടക്കുകയാണ്.ഇവരെ പുറത്തെത്തിക്കാനുള്ള ശ്രമം തുടരുന്നു.
പൂനെയിലെ സിന്‍ഹാഡ് കോളേജില്‍ മതില്‍ ഇടിഞ്ഞ് വീണ് 5 പേര്‍ മരിച്ചു.ഇവിടെ കൂടുതല്‍ പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന സംശയത്തെ തുടര്‍ന്ന് രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്.
താഴ്ന്ന പ്രദേശങ്ങള്‍ പലതും വെള്ളത്തിനടിയിലായി.മുംബൈ വിമാനത്താവളത്തില്‍ വിമാനം റണ്‍വേയില്‍ നിന്നും തെന്നിമാറി.യാത്രക്കാര്‍ സുരക്ഷിതരാണ്.54 വിമാനങ്ങള്‍ ഇതേത്തുടര്‍ന്ന് തിരിച്ചുവിട്ടു.മുംബൈ വിമാനത്താവളം അടച്ചു.റോഡ് ,ട്രെയിന്‍ ഗതാഗതം താറുമാറായി.സര്‍ക്കാര്‍ രണ്ട് ദിവസത്തേക്ക് പൊതുഅവധി പ്രഖ്യാപിച്ചിരിക്കുകയാണ്.
വരുന്ന ദിവസങ്ങളിലും മഴ ശക്തി പ്രാപിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. റെയില്‍വെ ട്രാക്കില്‍ രൂപപ്പെട്ട വെള്ളക്കെട്ടിനെ തുടര്‍ന്ന് മഹാരാഷ്ട്രയിലെ പല ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്.