മുംബൈ:ബീഹാര്‍ സ്വദേശിനിയുടെ പീഡന പരാതിയില്‍ ബിനോയ് കോടിയേരി നല്‍കിയ ജാമ്യാപേക്ഷയില്‍ നാളെ വിധി പറയും.ഹര്‍ജിയില്‍ മുംബൈ ഡിന്‍ഡോഷി സെഷന്‍സ് കോടതിയില്‍ വാദം പൂര്‍ത്തിയായി.
ബിനോയ് ആദ്യ വിവാഹത്തെക്കുറിച്ചുള്ള വിവരങ്ങള്‍ മറച്ചുവച്ചുവെന്ന് പരാതിക്കാരിയുടെ അഭിഭാഷകന്‍ വാദിച്ചു. ബിനോയിയും അമ്മയും പരാതിക്കാരിയെ നിരന്തരമായി ഭീഷണിപ്പെടുത്തി. ബിനോയ് യുവതിക്ക് കപട വാഗ്ദാനം നല്‍കി. ബിനോയ് അയച്ച് നല്‍കിയ വിസയും ടിക്കറ്റും ഉപയോഗിച്ച് യുവതിയും കുട്ടിയും ദുബായില്‍ പോയതിന്റെ പാസ്‌പോര്‍ട്ട് രേഖയും അഭിഭാഷകന്‍ കോടതിയില്‍ ഹാജരാക്കി.
അതേസമയം യുവതിക്ക് മറ്റു ബന്ധങ്ങളുണ്ടെന്ന് ബിനോയിയുടെ അഭിഭാഷകന്‍ വാദിച്ചു.യുവതിയും ഒരു നടനുമായിട്ടുള്ള സ്വകാര്യ നിമിഷങ്ങളില്‍ എടുത്ത ചിത്രങ്ങള്‍ ഹാജരാക്കിക്കൊണ്ടാണ് പ്രതിഭാഗം വാദിച്ചത്.യുവതിയുമായി വിവാഹം നടന്നുവെന്നതിന് പ്രോസിക്യൂഷന്‍ ഹാജരാക്കിയ രേഖ വ്യാജമാണെന്നും യുവതിയുടെ അഭിഭാഷകന്‍ നല്‍കിയ രേഖകളിലുള്ള ഒപ്പ് ബിനോയിയുടേതല്ലെന്നും പ്രതിഭാഗം വാദിച്ചു. മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ ഡിഎന്‍എ പരിശോധനയെന്ന ആവശ്യത്തിലേക്ക് കോടതി കടക്കേണ്ടതില്ലെന്നും ബിേനായിയുടെ അഭിഭാഷകന്‍ പറഞ്ഞു.ഹിന്ദു വിവാഹ നിയമം അനുസരിച്ച് ഒരു വട്ടം വിവാഹിതനായ ബിനോയ് ആ ബന്ധം നില നില്‍ക്കെ പരാതിക്കാരിയെ വിവാഹം കഴിച്ചെങ്കില്‍ ആ വിവാഹം പ്രഥമദൃഷ്ട്യാ നില നില്‍ക്കില്ലെന്നും ബിനോയിയുടെ അഭിഭാഷകന്‍ വാദിച്ചു.