ന്യൂഡല്‍ഹി:രണ്ടാം എന്‍ഡിഎ മന്ത്രിസഭയുടെ ആദ്യ ബജറ്റ് അവതരണം തുടങ്ങി.അരനൂറ്റാണ്ടിനു ശേഷം ആദ്യമായാണ് ഒരു വനിത മന്ത്രി പാര്‍ലമെന്റില്‍ ബജറ്റ് അവതരിപ്പിക്കുന്നത്.
പതിവുരീതി തെറ്റിച്ച് ബജറ്റ് പെട്ടിയില്‍ കൊണ്ടുവരാതെ കേന്ദ്രസര്‍ക്കാരിന്റെ ചിഹ്നം ആലേഖനം ചെയ്ത ചുവന്ന തുണിയില്‍ പൊതിഞ്ഞാണ് ധനമന്ത്രി നിര്‍മ്മല സീതാരാമന് ബജറ്റ് അവതരിപ്പിക്കാന്‍ എത്തിയത്.
ബജറ്റ് പ്രസംഗത്തില്‍ എന്‍ഡിഎ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ധനമന്ത്രി എടുത്തു പറഞ്ഞു.2014ല്‍ 1.85 ട്രില്യണ്‍ മൂല്യമുണ്ടായിരുന്ന സമ്പദ്ഘടന 2.7 ട്രില്യണിലെത്തി. ഈവര്‍ഷം 3 ട്രില്യണ്‍ ഡോളര്‍ ലക്ഷ്യം കൈവരിക്കും. എല്ലാ മേഖലയ്ക്കും പരിഗണന നല്കുന്ന വികസനമാണ് ലക്ഷ്യമാക്കുന്നതെന്നും നിര്‍മ്മലാ സീതാരാമന് പറഞ്ഞു.
തൊഴിലില്ലായ്മ പരിഹരിക്കാന്‍ ചെറുകിട,ഇടത്തരം വ്യവസായ മേഖലയ്ക്ക് പ്രോല്‍സാഹനം നല്‍കും .അടിസ്ഥാന സൗകര്യമേഖലയിലും ഡിജിറ്റല്‍ രംഗത്തും നിക്ഷേപം വര്‍ധിപ്പിക്കും. ഗ്രാമീണ മേഖലയിലെ ഗതാഗത സൗകര്യത്തിനായി ഭാരത് മാല,സാഗര്‍ മാല, ഉഡാന്‍ പദ്ധതികളില്‍ വിപുലമായ നിക്ഷേപമുണ്ടാകും.റോഡ്, ജല,വായു ഗതാഗതമാര്‍ഗങ്ങള്‍ ലോകോത്തര നിലവാരത്തിലെത്തിക്കും.
സ്വകാര്യ മേഖലയ്ക്ക് ഊന്നല്‍ നല്‍കുമെന്ന് പറഞ്ഞ ധനമന്ത്രി പരസ്പര വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ വിദേശനിക്ഷേപവും കൂട്ടുമെന്നും പ്രഖ്യാപിച്ചു.വൈദ്യുതി വിതരണത്തിന് ഒരു രാജ്യം ഒരു ഗ്രിഡ് പദ്ധതി നടപ്പാക്കും.എല്ലാ സംസ്ഥാനങ്ങളെയും ബന്ധിപ്പിച്ചായിരിക്കും ഇത് നടപ്പിലാക്കുക.ജലഗ്രിഡും ഗ്യാസ് ഗ്രിഡും സമാനമായ രീതിയില്‍ നടപ്പാക്കും. ഇന്ത്യയൊട്ടാകെ സഞ്ചരിക്കാന്‍ ഒറ്റ ട്രാവല്‍കാര്‍ഡ് പ്രാവര്‍ത്തികമാക്കും.വൈദ്യുത വാഹനങ്ങള്‍ വ്യാപകമാക്കും.ഇതിനായി പതിനായിരം കോടിയുടെ പുതിയ പദ്ധതി നടപ്പിലാക്കും.ചെറുകിട വ്യാപാരികള്‍ക്കും പെന്ഷന് നടപ്പിലാക്കും. പ്രധാനമന്ത്രി കരംയോഗി മാന്‍ദണ്ഡ് പെന്ഷന് പദ്ധതി പ്രഖ്യാപിച്ചു. 1.5 കോടി രൂപയില്‍ കുറവ് വിറ്റുവരവുള്ള ചെറുകിട കച്ചവടക്കാര്‍ക്കാണു പെന്‍ഷന്റെ പ്രയോജനം ലഭിക്കുക.
ഭവന വാടകസംവിധാനത്തില്‍ നിലവിലുള്ളത് ദുരിതാവസ്ഥയെ മറികടക്കാന്‍ മാതൃകാ വാടകനിയമം കൊണ്ടുവരുമെന്ന് ധനമന്ത്രി.മുഴുവന്‍ ആളുകള്‍ക്കും വീട് നല്‍കുമെന്നും ധനമന്ത്രി അറിയിച്ചു ബജറ്റ് അവതരണം തുടരുകയാണ്.