കൊല്‍ക്കത്ത: പരിശീലനത്തിനിടെ അമ്പ് കഴുത്തില്‍ തുളച്ചുകയറിയ പതിനാലുകാരിയായ അമ്പെയ്ത്ത് താരം അദ്ഭുതകരമായി രക്ഷപ്പെട്ടു. കൊല്‍ക്കത്തയിലെ ബോല്‍പൂരിലെ സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (സായി) പരിശീലന കേന്ദ്രത്തിലായിരുന്നു അപകടം.
ഫാസില ഖാതൂന്‍ എന്ന അമ്പെയ്ത്ത താരത്തിന്റെ കഴുത്തിലാണ് അമ്പ് തുളച്ചുകയറിയത്. മില്ലിമീറ്ററിന്റെ വ്യത്യാസത്തിലാണ് കഴുത്തിലെ രക്തധമനികളില്‍ അമ്പേല്‍ക്കാതെ രക്ഷപ്പെട്ടതെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
ശസ്ത്രക്രിയയിലൂടെ അമ്പ് കഴുത്തിയില്‍ നിന്ന് നീക്കം ചെയ്തു. ബോല്പുര് സബ്ഡിവിഷണല്‍ ആശുപത്രിയില്‍ ഫാസില ഖാതൂന്‍ അപകടനില തരണം ചെയ്തു വരുകയാണ്.
ജുവല്‍ ഷെയ്ഖ് എന്ന മറ്റൊരു യുവഅമ്പെയ്ത്ത് താരം പരിശീലനം നടത്തുന്നതിനിടെ അപ്രതീക്ഷിതമായി അമ്പെയ്യുന്ന ദിശയിലേക്ക് ഫാസില വരികയായിരുന്നു.