ന്യൂഡല്‍ഹി:രാഹുല്‍ ഗാന്ധിക്കു പകരം യുവനേതാവ് കോണ്‍ഗ്രസ് അധ്യക്ഷനാവണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്.പുതിയ അധ്യക്ഷനാവുന്നത് ഊര്‍ജ്ജസ്വലനായ നേതാവായിരിക്കണമെന്നും കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി ഈ കാര്യം ശ്രദ്ധിക്കണമെന്നും അമരീന്ദര്‍ സിങ് ആവശ്യപ്പെട്ടു.രാഹുലിന്റെ രാജി നിര്‍ഭാഗ്യകരമാണെന്നും രാജ്യത്തെ യുവതലമുറയെ പ്രതിനിധീകരിക്കാനും താഴെത്തട്ടിലുള്ള പ്രവര്‍ത്തകര്‍ക്ക് ഊര്‍ജ്ജം നല്‍കി മുന്നോട്ട് നയിക്കാനും കഴിവുള്ളയാളെ കണ്ടെത്തണമെന്നും അമരീന്ദര്‍ സിങ് വ്യക്തമാക്കി.രാഹുല്‍ ഗാന്ധി രാജിവെച്ചതിനു പിന്നാലെ കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തിനായി തര്‍ക്കം മുറുകുന്നെന്നാണ് അമരീന്ദര്‍ സിംഗിന്റെ വാക്കുകള്‍ നല്‍കുന്ന സൂചന.
അതേസമയം കര്‍ണാടക, മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലെ ആറു നേതാക്കളാണ് അധ്യക്ഷസ്ഥാനത്തു പരിഗണനയിലുള്ളതെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്.മല്ലികാര്‍ജ്ജുന ഖര്‍ഗെ,സുശീല്‍കുമാര്‍ ഷിന്‍ഡെ,മുകുള്‍ വാസ്‌നിക്,അശോക് ഗലോട്ട്,സച്ചിന്‍ പൈലറ്റ്,ജ്യോതിരാദിത്യ സിന്ധ്യ എന്നിവരാണ് പരിഗണനയില്‍.യുവനേതാവ് വേണമെന്ന് അമരീന്ദര്‍ സിംഗിന്റെ നിലപാടിന് കൂടുതല്‍ പിന്തുണ കിട്ടിയാല്‍ ജ്യോതിരാദിത്യ സിന്ധ്യയോ,സച്ചിന്‍ പൈലറ്റോ അദ്ധ്യക്ഷനാകും.
എന്നാല്‍ അഹമ്മദ് പട്ടേലിന്റെ നേതൃത്വത്തിലുള്ള നേതാക്കള്‍ക്ക് മല്ലികാര്‍ജുന ഖര്‍ഗെ,മുകുള്‍ വാസ്‌നിക്,സുശീല്‍ കുമാര്‍ ഷിന്‍ഡെ എന്നിവരില്‍ ഒരാള്‍ അധ്യക്ഷസ്ഥാനത്തെത്തണമെന്നാണ് താല്‍പര്യം.അടുത്തയാഴ്ച പുതിയ കോണ്‍ഗ്രസ് അധ്യക്ഷനെ തെരഞ്ഞെടുക്കുമെന്നാണ് സൂചന.