ബെംഗളൂരു:കര്‍ണ്ണാടകത്തില്‍ സഖ്യസര്‍ക്കാരിനെ വീണ്ടും പ്രതിസന്ധിയിലാക്കി ഭരണപക്ഷ എംഎല്‍എമാരുടെ കൂട്ടരാജി. കോണ്‍ഗ്രസിന്റെ 8 എംഎല്‍എമാരും ജെഡിഎസിന്റെ 3 എംഎല്‍എമാരുമാണ് കര്‍ണാടക നിയമസഭ സ്പീക്കറുടെ ഓഫീസില്‍ എത്തി രാജിക്കത്ത് നല്‍കിയത്.എംഎല്‍എമാരുടെ രാജിക്കത്ത് ലഭിച്ചതായി സ്പീക്കര്‍ സ്ഥിരീകരിച്ചു. ജെഡിഎസ് മുന്‍ സംസ്ഥാന അധ്യക്ഷന്‍ എച്ച്.വിശ്വനാഥ്,മുന്‍ ആഭ്യന്തരമന്ത്രി രാമലിംഗ റെഡ്ഡി എന്നിവരും വിമത എംഎല്‍എമാരില്‍ ഉള്‍പ്പെടും.കോണ്‍ഗ്രസ് തന്നെ് വേണ്ടത്ര പരിഗണിച്ചില്ലെന്ന്് രാമലിംഗറെഡ്ഡി പറഞ്ഞു.
അതേസമയം എംഎല്‍എമാരുടെ രാജി വാര്‍ത്ത കോണ്‍ഗ്രസ് തള്ളി. ആരും രാജിവെക്കില്ലെന്ന് കര്‍ണാടകയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാര്‍ അറിയിച്ചു. രാമലിംഗറെഡ്ഡി ഉള്‍പ്പെടെ ഖ വിമത എംഎല്‍എമാര്‍ ഡികെ ശിവകുമാറിന്റെ വസതിയിലുണ്ടെന്നാണു വിവരം.പ്രശ്‌നം രൂക്ഷമായിരിക്കെ കര്‍ണാടകയുടെ ചുമതല വഹിക്കുന്ന എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ സമവായ ചര്‍ച്ചകള്‍ക്കായി ബെംഗളൂരുവിലേക്ക് തിരിച്ചു.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ തിരിച്ചടിക്കു പിന്നാലെ കര്‍ണ്ണാടകത്തിലെ കോണ്‍ഗ്രസ് ജെഡിഎസ് സഖ്യസര്‍ക്കാരും വീഴുമെന്ന അഭ്യൂഹങ്ങളുണ്ട്. തല്‍ക്കാലം ഓപ്പറേഷന്‍ താമര നിര്‍ത്തിവെക്കാന്‍ കര്‍ണ്ണാടകത്തിലെ ബിജെപി നേതൃത്വത്തോട് കേന്ദ്രനേതൃത്വം നിര്‍ദേശിച്ചിരുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ എംഎല്‍എമാരെ രാജിവെപ്പിച്ച് സര്‍ക്കാരിനെ വലിച്ചുതാഴെയിടാനുള്ള തന്ത്രമാണ് ബിജെപി ഇപ്പോള്‍ പയറ്റുന്നത്.