ദില്ലി:സര്‍വീസില്‍ നിന്നും പിരിച്ചുവിടാന്‍ ശുപാര്‍ശ ചെയ്തുകൊണ്ടുള്ള ഫയല്‍ മുഖ്യമന്ത്രി മടക്കിയെങ്കിലും രാജു നാരായണസ്വാമിക്ക് ആശ്വസിക്കാന്‍ വകയില്ല.സ്വഭാവദൂഷ്യമടക്കം ഗുരുതരമായ ആരോപണങ്ങളാണ് മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനെതിരെ കേന്ദ്രസര്‍ക്കാര്‍ ഉന്നയിച്ചിരിക്കുന്നത്.നാളീകേര വികസന ബോര്‍ഡ് ചെയര്‍മാന്‍ പദവിയോട് രാജു നാരായണസ്വാമി നീതി പുലര്‍ത്തിയില്ലെന്നും പദവിയിലിരിക്കെ് ക്രമക്കേടുകള്‍ നടത്തിയെന്നും കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമര്‍ ലോക്‌സഭയില്‍ വ്യക്തമാക്കി.രാജു നാരായണസ്വാമിക്കെതിരെ സ്വഭാവദൂഷ്യത്തിനടക്കം പരാതികള്‍ ലഭിച്ചിരുന്നെന്നും മന്ത്രി പറഞ്ഞു.പത്തനംതിട്ട എംപി ആന്റോ ആന്റണി ഉന്നയിച്ച ചോദ്യങ്ങള്‍ക്കു മറുപടിയായാണ് കേന്ദ്രമന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
ജോലിയില്‍ ഗുരുതരമായ കൃത്യവിലോപം കാണിച്ചതോടെയാണ് നാളികേര ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും രാജു നാരായണസ്വാമിയെ മാറ്റി കേരള കേഡറിലേക്ക് തിരിച്ചയച്ചതെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
അഡീഷണല്‍ ചീഫ് സെക്രട്ടറി പദവിയിലുള്ള രാജു നാരായണ സ്വാമിയെ പിരിച്ചുവിടാന്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര പേഴ്സണല്‍ മന്ത്രാലയത്തിനു ശുപാര്‍ശ നല്‍കിയെന്ന് റിപ്പോര്‍ട്ടുകള്‍ക്കു പിന്നാലെ സംസ്ഥാന സര്‍ക്കാരിനെതിരെ അതിരൂക്ഷമായി പ്രതികരിച്ചുകൊണ്ട് രാജു നാരായണസ്വാമി രംഗത്തെരയിരുന്ന.28 വര്‍ഷമായി അഴിമതിക്കെതിരെ പോരാട്ടം നടത്തിയതിനുള്ള സമ്മാനമാണിതെന്നാണ് രാജു നാരായണ സ്വാമി പറഞ്ഞത്.മൂന്നാര്‍ മുതലിങ്ങോട്ട് സര്‍ക്കാര്‍ തന്നോട് പ്രതികാരം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.
നാളികേര വികസന ബോര്‍ഡ് ചെയര്‍മാന്‍ എന്ന നിലയില്‍ സ്വീകരിച്ച അഴിമതി വിരുദ്ധ നടപടികള്‍ക്ക് ലഭിച്ച പ്രതിഫലമാണിത്.അഴിമതിക്കെതിരെ നിലപാടെടുക്കുന്നവരുടെ ജീവിത മാര്‍ഗം മുട്ടിക്കുകയാണെന്നും കഴിഞ്ഞ നാല് മാസമായി തനിക്ക് ശമ്പളം പോലുമില്ലെന്നും അദ്ദേഹം പറഞ്ഞു.തുടര്‍ന്ന്
രാജു നാരായണസ്വാമിക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്ത് സംസ്ഥാന ചീഫ് സെക്രട്ടറി തയ്യാറാക്കിയ റിപ്പോര്‍ട്ട് വിശദവിവരങ്ങള്‍ തേടി മുഖ്യമന്ത്രി മടക്കിയിരുന്നു.
നാളികേര വികസന ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും നാരായണസ്വാമിയെ മാര്‍ച്ചില്‍ നീക്കിയിരുന്നു.ഇതിനെതിരെയുള്ള പരാതി കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ പരിഗണനയിലാണ്.