ആലപ്പുഴ:ഓര്‍ത്തഡോക്സ് യാക്കോബായ വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തെത്തുടര്‍ന്ന് വയോധികയുടെ മൃതദേഹം സംസ്കരിക്കാവാതെ കുടുംബം.പള്ളിക്കല്‍ സ്വദേശിയായ 84കാരി മറിയാമ്മ ഫിലിപ്പിന്റെ മൃതദേഹമാണ് മരിച്ച് ആറു ദിവസമായിട്ടും സംസ്കരിക്കാനാകാത്തത്.മൃതദേഹം ഇപ്പോഴും മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
കായംകുളത്തെ കാദീശാ പള്ളിയിലാണ് ഓര്‍ത്തഡോക്സ്-യാക്കോബായ വിഭാഗത്തിന്റെ തര്‍ക്കത്തെ തുടര്‍ന്ന് സംസ്കാരം വൈകുന്നത്. ഓര്‍ത്തഡോക്സ്-യാക്കോബായ പള്ളികള്‍ വര്‍ഷങ്ങളായി ഒരു സെമിത്തേരി ഉപയോഗിക്കുകയായിരുന്നു. എന്നാല്‍ 2013-ല്‍ സഭാതര്ക്കക്കേസില്, ഓര്‍ത്തഡോക്സ് സഭയ്ക്ക് അനുകൂലമായി വിധിവന്നതോടെ യാക്കോബായ സഭയ്ക്ക് സെമിത്തേരിയില്‍ പ്രവേശനമില്ലാതായി.പിന്നീട് യാക്കോബായ വിഭാഗം ഹൈക്കോടതിയുടെ പ്രത്യേക അനുമതി വാങ്ങിയാണ് മൃതദേഹം സംസ്കരിച്ചിരുന്നത്.
സഭാതര്‍ക്കത്തില്‍ സുപ്രീംകോടതിയുടെ പുതിയ ഉത്തരവിന്റെ പശ്ചാത്തലത്തില്‍ ഹൈക്കോടതി ഇക്കാര്യത്തില്‍ അനുകൂല നിലപാടെടുത്തില്ല.അന്ത്യകര്‍മ്മങ്ങള്‍ ഓര്‍ത്തഡോക്സ് വിഭാഗം വൈദികന് നടത്തട്ടെയെന്ന് ഹൈക്കോടതി നിര്‍ദേശിച്ചെങ്കിലും യാക്കോബായ വിഭാഗം ഇക്കാര്യത്തില്‍ എതിര്‍പ്പിലാണ്.സംസ്കാര ചടങ്ങുകള്‍ വൈകുന്നത് ചൂണ്ടിക്കാട്ടി യാക്കോബായ വിഭാഗം വീണ്ടും കോടതിയെ സമീപിക്കും.