കൊച്ചി:കേന്ദ്ര വിദ്യാഭ്യാസ നിയമം വ്യവസ്ഥ ചെയ്യുന്ന രീതിയില്‍ സ്കൂള്‍ അപ്ഗ്രഡേഷന് നടത്താന്‍ സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി.കേരളത്തിലെ പ്രാഥമിക വിദ്യാഭ്യാസ ഘടനയില്‍ മാറ്റം വരുത്തണമെന്നാണ് ഹൈക്കോടതി ഫുള്‍ ബഞ്ചിന്റെ ഇത്തരവ്. 2009 ലെ കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമത്തിനനുസൃതമായി കേരളത്തിലെ സ്കൂളുകള്‍ക്ക് ഘടന മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് നാല്പതോളം സ്കൂള്‍ മാനേജ്മെന്റുകളാണ് ഹൈക്കോടതിയെ സമീപിച്ചിരുന്നു.
ഒന്നു മുതല്‍ അഞ്ച് വരെയും ആറ് മുതല്‍ എട്ട് വരെയും ക്ലാസുകള്‍ വേണമെന്ന വിദ്യാഭ്യാസ നിയമത്തിലെ ഷെഡ്യൂള്‍ പാലിക്കണമെന്നതിനാല്‍ എയ്ഡഡ് സ്കൂളുകളില്‍ അഞ്ചാം ക്ലാസും എട്ടാം ക്ലാസും കൂട്ടിച്ചേര്‍ക്കാന്‍ അനുമതി നിഷേധിക്കരുതെന്നാണ് ഫുള്‍ബെഞ്ച് വ്യക്തമാക്കിയിരിക്കുന്നത്.
ഒന്ന് മുതല്‍ അഞ്ച് വരെയുള്ള സ്കുളുകള്‍ ഒരു കിലോമീറ്ററിനും ആറ് മുതല്‍ എട്ട് വരെയുള്ളവ മൂന്ന് കിലോമീറ്ററിനകത്തും ഉണ്ടായിരിക്കണമെന്നാണ് വ്യവസ്ഥ.അപ്ഗ്രഡേഷന് വരുന്ന ചെലവ് വഹിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ബാധ്യതയുണ്ടെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ വി ചിദംബരേഷ്, അലക്സാണ്ടര്‍ തോമസ്,അശോക് മേനോന് എന്നിവരാണ് കേസ് പരിഗണിച്ചത്.