ബംഗളൂരു:കര്‍ണ്ണാടകത്തില്‍ നിയമസഭാ സമ്മേളനം ഇന്നു തുടങ്ങും.കോണ്‍ഗ്രസ് വിപ്പ് നല്‍കിയെങ്കിലും മുംബൈയിലുള്ള വിമത എംഎല്‍എമാര്‍ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കില്ലെന്നറിയിച്ചിട്ടുണ്ട്. ഇന്നലെ വൈകിട്ട് ബംഗളൂരുവിലെ വിധാന്‍ സൗധയിലെത്തിയ 10 വിമത എംഎല്‍എമാര്‍ സ്പീക്കര്‍ രമേഷ്‌കുമാറിന് രാജിക്കത്ത് നല്‍കി മുംബൈയിലേക്ക് മടങ്ങിപ്പോയിരുന്നു.സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരമാണ് എംഎല്‍എമാര്‍ സ്പീക്കര്‍ക്ക് രാജിക്കത്ത് നല്‍കിയത്.രാജിവച്ച മൂന്ന് എംഎല്‍എമാരെ അയോഗ്യരാക്കാനാവശ്യപ്പെട്ട് ജെഡിഎസ് സ്പീക്കര്‍ക്ക് കത്തുനല്‍കിയിരുന്നു.
അതേസമയം എംഎല്‍എമാരുടെ രാജിയില്‍ തീരുമാനമെടുക്കാന്‍ കൂടുതല്‍ സമയംവേണമെന്ന് സ്പീക്കറുടെ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും.രാജിയില്‍ തീരുമാനം വെള്ളിയാഴ്ച അറിയിക്കാന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് സ്പീക്കറോട് നിര്‍ദേശിച്ചിരുന്നു.എന്നാല്‍ രാജിക്കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കുന്നത് അസാധ്യമാണ്. മണിക്കൂറുകള്‍കൊണ്ട് ഇത്രയധികം രാജിക്കത്തുകള്‍ പരിശോധിച്ച് തീരുമാനമെടുക്കാനാകില്ലെന്നും, ഇത് തന്റെ വിവേചനാധികാരമാണെന്നും സ്പീക്കര്‍ സുപ്രീംകോടതിയെ അറിയിച്ചു.16 എംഎല്‍എമാര്‍ നല്‍കിയ രാജിക്കത്തിലാണ് സ്പീക്കര്‍ തീരുമാനമെടുക്കേണ്ടത്. 16 വിമതര്‍ക്ക് പുറമേ സ്വതന്ത്രരായ എച്ച് നാഗേഷും ആര്‍ ശങ്കറും പിന്തുണ പിന്‍വലിച്ചിട്ടുണ്ട്.ഇതോടെ ഭരണപക്ഷത്ത് 101 പേരായി കുറഞ്ഞു. 224 അംഗ നിയമസഭയില്‍ 16 പേര്‍ വിട്ടുനിന്നാല്‍ അംഗസംഖ്യ 208 ആകും.കേവലഭൂരിപക്ഷത്തിന് 105 പേരുടെ പിന്തുണ വേണം.ബിജെപിക്ക് 105 എംഎല്‍എമാരുണ്ട്. സ്വതന്ത്രന്റെയും കെപിജെപിയുടെയും പിന്തുണകൂടിയാകുമ്പോള്‍ സംഗസംഖ്യ 107 ആകും.