തിരുവനന്തപുരം:നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണക്കമ്മീഷന്റെ നിര്‍ണ്ണായക ഇടപെടല്‍. ക്രൂര മര്‍ദ്ദനത്തിനിരയായിട്ടും രാജ്കുമാറിന്റെ മരണകാരണം ന്യുമോണിയയെന്ന് രേഖപ്പെടുത്തിയത് ഗുരുതര പിഴവാണെന്ന് അന്വേഷണകമ്മീഷന്റെ ചുമതലയുള്ള ജസ്റ്റിസ് നാരായണക്കുറുപ്പ് പറഞ്ഞു.രാജ്കുമാറിന്റെ മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റുമോര്‍ട്ടം നടത്താനും ജുഡീഷ്യല്‍ കമ്മീഷന് നിര്‍ദ്ദേശിച്ചു.
രാജ്കുമാറിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തേണ്ടിയിരുന്നത് വിദഗ്ധ സംഘമായിരുന്നു.രാജ്കുമാറിന്റെ ആന്തരികാവയവങ്ങള്‍ വിദഗ്ധ പരിശോധനയ്ക്ക് അയച്ചിട്ടില്ലെന്നും കമ്മീഷന്റെ തെളിവെടുപ്പില്‍ വ്യക്തമായി.രാജ്കുമാറിന്റെ മുറിവുകളുടെ പഴക്കം നിര്‍ണയിച്ചില്ല. സംഭവത്തില്‍ ഡോക്ടര്‍മാരുടെ വീഴ്ചയും അന്വേഷിക്കുമെന്ന് ജസ്റ്റിസ് നാരായണ കുറുപ്പ് പറഞ്ഞു. ഒരാഴ്ചകം റീ പോസ്റ്റമോര്‍ട്ടത്തിന് നടപടികള്‍ പൂര്‍ത്തിയാക്കും. രാജ്കുമാറിനെ സംസ്കരിച്ച ഇടത്ത് പൊലീസ് കാവലേര്പെടുത്തും. ഇപ്പോഴത്തെ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടുമായി കേസ് മുന്നോട്ട് കൊണ്ട് പോകാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.വരും ദിവസങ്ങളില്‍ അന്വേഷണ സംഘം പീരുമേട് സബ് ജയിലും,രാജ്കുമാറിന്റെ വീടും സന്ദര്‍ശിക്കും.എസ്പിയടക്കമുള്ളരെ ചോദ്യം ചെയ്യും.