തിരുവനന്തപുരം: കാര്യവട്ടം കാമ്പസിനുള്ളില്‍ വെച്ച് കാണാതായ എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം പുഴുവരിച്ച നിലയില്‍ കണ്ടെത്തി. വടകര സ്വദേശിയും തിരുവനന്തപുരം കോളജ് ഓഫ് എന്‍ജിനീയറിംഗിലെ എംടെക് വിദ്യാര്‍ഥിയുമായ ശ്യാം പത്മനാഭന്റെ മൃതദേഹമാണു ക്യാമ്പസിനുള്ളിലെ കാട്ടില്‍ കണ്ടെത്തിയത്. കാട്ടില്‍നിന്നും ദുര്‍ഗന്ധം വമിച്ചതിനെത്തുടര്‍ന്ന് ജീവനക്കാര്‍ നടത്തിയ പരിശോധനയിലാണ് ജീര്‍ണ്ണിച്ച് പുഴുവരിച്ച നിലയില്‍ മൃതദേഹം കണ്ടത്.
ടെക്നോപാര്‍ക്കിലെ ജീവനക്കാരിയായ സഹോദരിയോടൊപ്പം പാങ്ങപ്പാറയിലുള്ള ഫ്ളാറ്റിലാണ് ശ്യാം താമസിച്ചിരുന്നത്. ലൈബ്രറിയില്‍ പോകുന്നുവെന്നു പറഞ്ഞു വീട്ടില്‍ നിന്നിറങ്ങിയ
ശ്യാമിനെ കഴിഞ്ഞ തിങ്കളാഴ്ചയാണ് കാണാതായത്. രാത്രി ഏറെ
വൈകിയിട്ടും തിരിച്ചെത്താതിരുന്നതിനെത്തുടര്‍ന്നാണ് ബന്ധുക്കള്‍ കഴക്കൂട്ടം പോലീസില്‍ പരാതി നല്‍കിയത്. ശ്യാമിന്റെ ഫോണ്‍ ലൊക്കേഷന്‍ അവസാനമായി കാണിച്ചത് കാര്യവട്ടം ക്യാമ്പസിലായിരുന്നു. ശ്യാം ക്യാമ്പസിലെത്തിയതിന്റെ സിസിടിവി ദൃശ്യങ്ങളും ലഭിച്ചിരുന്നു. എന്നാല്‍ അേന്വഷണത്തില്‍ കണ്ടെത്താനായില്ല.
മൃതദേഹത്തിനു സമീപത്തുനിന്നു ലഭിച്ച ബാഗില്‍നിന്ന് ഐഡി കാര്‍ഡും മൊബൈല്‍ ഫോണും കിട്ടിയതില്‍നിന്നാണ് ആളെ തിരിച്ചറിഞ്ഞത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. പോലീസെത്തി തുടര്‍നടപടികള്‍ സ്വകരിച്ചു.