ഹേഗ്:കുല്‍ഭൂഷണ്‍ ജാദവ് കേസില്‍ ഇന്ത്യക്ക് അനുകൂലവിധി. ഇന്ത്യന്‍ പൗരനായ കുല്‍ഭൂഷണ്‍ ജാദവിന് വധശിക്ഷ വിധിച്ച പാകിസ്ഥാന്‍ കോടതിയുടെ നടപടി അന്താരാഷ്ട്ര നീതിന്യായ കോടതി തള്ളിക്കളഞ്ഞു. കുല്‍ഭൂഷന്റെ വധശിക്ഷ നടപ്പാക്കുന്നത് നിര്‍ത്തിവെക്കണമെന്നും കേസില്‍ നീതിപൂര്‍വമായ വിചാരണ നടത്തണമെന്നും കോടതി നിര്‍ദേശിച്ചു.എന്നാല്‍ പാകിസ്ഥാന്‍ ജയിലില്‍ കഴിയുന്ന കൂല്‍ഭൂഷണ്‍ ജാദവിനെ മോചിപ്പിക്കണമെന്ന ഇന്ത്യയുടെ ആവശ്യം കോടതി പരിഗണിച്ചില്ല.അന്താരാഷ്ട്ര നീതിന്യായ കോടതിക്ക് കേസില്‍ ഇടപെടാനാവില്ലെന്ന പാകിസ്ഥാന്റെ വാദവും കോടതി തള്ളി.
പാകിസ്ഥാന്‍ കസ്റ്റഡിയിലെടുത്ത കുല്‍ഭൂഷണ്‍ ജാദവിന് നയതന്ത്രസഹായം ലഭിച്ചില്ല.വിയന്ന ഉടമ്പടിയിലെ ചട്ടങ്ങള്‍ പാകിസ്ഥാന്‍ ലംഘിച്ചുവെന്നും പാക്കിസ്ഥാന്‍ സൈനീക കോടതി നിഷ്പക്ഷമായ രീതിയിലല്ല വിചാരണ ചെയ്തതെന്നും അന്താരാഷ്ട്ര കോടതി നിരീക്ഷിച്ചു.
നാവികസേന ഉദ്യോഗസ്ഥനായ കുല്‍ഭൂഷണ്‍ ജാദവിനെ 2016 മാര്‍ച്ച് 3നാണ് പാകിസ്ഥാന്‍ അറസ്റ്റ് ചെയ്തത്.ചാരപ്രവര്‍ത്തനം ആരോപിച്ച് 2017 ഏപ്രിലില്‍ കുല്‍ഭൂഷണ്‍ ജാദവിനെ തൂക്കിക്കൊല്ലാന്‍ പാകിസ്ഥാന്‍ സൈനിക കോടതി വിധിച്ചു.എന്നാല്‍ ഇത് വിയന്ന കരാറിന്റെ ലംഘനമാണെന്ന വാദവുമായി മേയില്‍ ഇന്ത്യ അന്താരാഷ്ട്ര കോടതിയെ സമീപിക്കുകയായിരുന്നു.
കുല്‍ഭൂഷണ്‍ ജാദവിനെ ഇറാനില്‍ നിന്ന് തട്ടിക്കൊണ്ട് പോയതാണെന്ന് ഇന്ത്യ വാദിച്ചു. ഭീഷണിപ്പെടുത്തി രേഖപ്പെടുത്തിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് വധശിക്ഷ വിധിച്ചത്. നയതന്ത്രതല സഹായം കുല്‍ഭൂഷണ്‍ ജാദവിന് നിഷേധിച്ചത് വിയന്ന ഉടമ്പടിയുടെ ലംഘനമാണെന്നും ഇന്ത്യ വാദിച്ചു.