കൊച്ചി:എസ്എഫ്‌ഐ അക്രമത്തില്‍ പരുക്കേറ്റ എഐഎസ്എഫ് വിദ്യാര്‍ഥി നേതാക്കളെ സന്ദര്‍ശിക്കാന്‍ ആശുപത്രിയിലെത്തിയ സിപിഐ എറണാകുളം ജില്ലാ സെക്രട്ടറിയെ ഡിവൈഎഫ്ഐ എസ്എഫ്ഐ പ്രവര്‍ത്തകര്‍ തടഞ്ഞു.ഞാറയ്ക്കല്‍ ഗവ.ആശുപത്രിയില്‍ ഇന്നലെ രാത്രിയാണ് സംഭവം .സിപിഐ ജില്ലാ സെക്രട്ടറി പി രാജുവിന്റെ കാര്‍ ബൈക്കുപയോഗിച്ച് തടയുകയും
ഭീഷണി മുഴക്കുകയും ചെയ്തു. മദ്യപിച്ചവരും സംഘത്തിലുണ്ടായിരുന്നെന്നാണ് പി രാജു പറയുന്നത്.
വൈപ്പിന്‍ സര്‍ക്കാര്‍ കോളേജില്‍ ഇന്നലെ എസ്എഫ്‌ഐ-എഐഎസ്എഫ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ പരിക്കേറ്റ എഐഎസ്എഫ് കോളേജ് യൂണിറ്റ് സെക്രട്ടറി ജിഷ്ണു,സാലിഹ് എന്നിവരെ കാണാനാണ് പി.രാജു രാത്രിയോടെ ഞാറക്കല്‍ ആശുപത്രിയിലെത്തിയത്.സിപിഐ നേതാക്കളേയും കണ്ട പി.രാജുവിന്റെ ഇടപെട്ടതിനെത്തുടര്‍ന്ന് പൊലീസ് മര്‍ദ്ദനമേറ്റവരില്‍ നിന്നും മൊഴി എടുത്തു. തുടര്‍ന്ന് പി.രാജു ആശുപത്രിയില്‍ നിന്നും മടങ്ങുമ്പോഴാണ് അവിടെയുണ്ടായിരുന്ന ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ബൈക്കുകളുപയോഗിച്ച് അദ്ദേഹത്തിന്റെ കാര്‍ തടഞ്ഞത്.ഇതോടെ പി.രാജുവും സിപിഐ പ്രവര്‍ത്തകരും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കുനേരെ തിരിഞ്ഞു.ഇരുകൂട്ടരും തമ്മില്‍ വാക്കേറ്റം രൂക്ഷമായി.ഞാറക്കല്‍ സിഐയുടെ നേതൃത്വത്തില്‍ കൂടുതല്‍ പൊലീസ് എത്തി ഇരുകൂട്ടരേയും പിരിച്ചു വിട്ടു.
തന്റെ വാഹനം തടഞ്ഞവരെ നീക്കാനോ സംഘര്‍ഷമുണ്ടാക്കിയവരെ ആശുപത്രിയില്‍ നിന്നും മാറ്റാനോ പൊലീസ് ശ്രമിച്ചില്ലെന്ന് പി.രാജു പറഞ്ഞു.പ്രശ്നത്തില്‍ സിപിഎമ്മിന്റെ മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ട് പരിഹാരമുണ്ടാക്കണമെന്നും അക്രമവും ഗുണ്ടായിസവും സിപിഐ അംഗീകരിക്കില്ലെന്നും നേതാക്കള്‍ പറഞ്ഞു.