ബംഗളൂരു: വിശ്വാസവോട്ടെടുപ്പില്‍ പരാജയപ്പെട്ട് മന്ത്രിസഭ വീണതിനു പിന്നാലെ കര്‍ണ്ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ട് രാജി സമര്‍പ്പിച്ചു. 14 മാസം മാത്രമാണ് കര്‍ണ്ണാടകത്തില്‍ കോണ്‍ഗ്രസ് ജെഡിഎസ് സഖ്യ സര്‍ക്കാര്‍ അധികാരത്തിലിരുന്നത്. വിശ്വാസ വോട്ടെടുപ്പില്‍ 99 പേരാണ് സര്‍ക്കാരിനെ അനുകൂലിച്ചത്. 105 അംഗങ്ങള്‍ എതിര്‍ത്ത് വോട്ട് ചെയ്തു. വോട്ടെടുപ്പ് നീട്ടിക്കൊണ്ടു പോകാന്‍ കോണ്‍ഗ്രസ് ജെഡിഎസ് സഖ്യം പല വിധ നീക്കങ്ങളും നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു.
16 വിമത എംഎല്‍എമാര്‍ രാജിവെച്ചതോടെയാണ് സര്‍ക്കാരിന്റെ നിലനില്‍പ്പ് തുലാസിലായത്. കൂടാതെ രണ്ടു സ്വതന്ത്രര്‍ പിന്തുണ പിന്‍വലിക്കുകയും ചെയ്തു. വിമതരെ ബിജെപി മുംബൈയിലേക്ക് ഹോട്ടലിലേക്കു മാറ്റി.കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാര്‍ മുംബൈയിലെത്തി എംഎല്‍എമാരെ അനുനയിപ്പിക്കാന്‍ ശ്രമം നടത്തിയെങ്കിലും ഹോട്ടലിനുള്ളിലേക്കുപോലും പ്രവേശിക്കാനാവാതെ തിരിച്ചുപോരുകയായിരുന്നു.എച്ച്ഡി കുമാരസ്വാമിയും കോണ്‍ഗ്രസ് നേതാക്കളും ആവുന്നത്ര ശ്രമിച്ചിട്ടും വിമതരെ തിരികെ എത്തിക്കാനായില്ല.
അതേസമയം കര്‍ണാടകത്തില്‍ സ്ഥിരതയുള്ള സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ബിജെപി അറിയിച്ചു.യെദ്യൂരപ്പയെ മുഖ്യമന്ത്രിയായി നിര്‍ദ്ദേശിക്കുമെന്നും ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് വ്യക്തമാക്കി.