തിരുവനന്തപുരം:ചന്ദ്രനിലേക്കുള്ള ടിക്കറ്റ് നല്‍കിയാല്‍ പോകാമെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണനു മറുപടി നല്‍കി ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍.’ജയ് ശ്രീറാം’ എന്ന് വിളിക്കുന്നതിനെയല്ല,അതിനെ കൊലവിളിയാക്കി മാറ്റുന്നതിനെയാണ് താനടക്കമുള്ള സാംസ്‌കാരിക, ചലച്ചിത്ര പ്രവര്‍ത്തകര്‍ എതിര്‍ത്തത്. ഇത്തരത്തില്‍ ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ടവരെ മര്‍ദ്ദിക്കുമ്പോഴും തല്ലുമ്പോഴും കൊല്ലുമ്പോഴും ‘ജയ് ശ്രീറാം’ എന്ന് വിളിക്കുന്നത് രാമനെ അധിക്ഷേപിക്കലാണെന്നും അടൂര്‍ പറഞ്ഞു.
നേരത്തേ ഇവര്‍ എല്ലാവരെയും പാകിസ്ഥാനിലേക്കാ അയച്ചുകൊണ്ടിരുന്നത് .അവിടിപ്പം നിറഞ്ഞെന്ന് തോന്നുന്നു. ഇനി ചന്ദ്രഗ്രഹത്തിലേക്ക് ആരെങ്കിലും ടിക്കറ്റ് തന്നാല്‍ പോകാം. ഇനിയിപ്പോള്‍ വീട്ടിന് മുന്നില്‍ വന്ന് ആരെങ്കിലും നാമം ചൊല്ലിയാല്‍ സന്തോഷം. താനും അവര്‍ക്കൊപ്പം ഇരുന്ന് നാമം ചൊല്ലുമെന്നും അടൂര്‍ പറഞ്ഞു. തനിക്കിനി ഈ രാജ്യത്ത് വേറെ അവാര്‍ഡൊന്നും കിട്ടാന്‍ ബാക്കിയില്ലെന്നും അടൂര്‍ പറഞ്ഞു. പ്രധാനമന്ത്രിക്ക് സാംസ്‌കാരിക പ്രവര്‍ത്തകര്‍ കത്തെഴുതിയത് രാജ്യത്ത് മതത്തിന്റെ പേരില്‍ നടക്കുന്ന ആള്‍ക്കൂട്ടക്കൊലപാതകങ്ങളില്‍ നടപടി സ്വീകരിക്കണമെന്നും ഇല്ലെങ്കിലത് സാമുദായിക ലഹളയിലേക്ക് നയിക്കുമെന്നും ചൂണ്ടിക്കാട്ടാനാണെന്നും അടൂര്‍ വ്യക്തമാക്കി.
ജയ് ശ്രീറാംവിളി സഹിക്കുന്നില്ലങ്കില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പേര് മാറ്റി അന്യഗ്രഹങ്ങളില്‍ ജീവിക്കാന്‍ പോകുന്നതാണ് നല്ലതെന്നായിരുന്നു ഫേസ്ബുക്കിലൂടെ ഗോപാലകൃഷ്ണന്‍ അധിക്ഷേപിച്ചത്