ബംഗളൂരു:കര്‍ണ്ണാടകയില്‍ ബിജെപി പാളയത്തിലേക്കു പോയ എം എല്‍ എമാര്‍ക്കെതിരെ സ്പീക്കര്‍ നടപടി തുടങ്ങി.ബിജെപിക്ക് പരസ്യമായി പിന്തുണ പ്രഖ്യാപിച്ച കോണ്‍ഗ്രസ് എംഎല്‍എമാരായ രമേഷ് ജാര്‍ക്കിഹോളി, മഹേഷ് കുമത്തള്ളി കെപി ജെപി എംഎല്‍എ ആര്‍ ശങ്കര്‍ എന്നിവരെയാണ് സ്പീക്കര്‍ അയോഗ്യരാക്കിയത്. മറ്റ് എംഎല്‍എമാരെ അയോഗ്യരാക്കുന്ന കാര്യത്തില്‍ രണ്ടു ദിവസത്തിനകം തീരുമാനമെടുക്കുമെന്ന് സ്പീക്കര്‍ രമേഷ്‌കുമാര്‍ പറഞ്ഞു.
ബെളഗാവി ഗോഖക്കില്‍ നിന്നുള്ള എംഎല്‍എയായ രമേഷ് ജാര്‍ക്കി ഹോളിയും മഹേഷ് കുമത്തള്ളിയുമാണ് വിമത നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്. കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യ സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ തന്റെ പാര്‍ട്ടി കോണ്‍ഗ്രസില്‍ ലയിക്കുകയാണെന്ന് കാണിച്ച് ആര്‍ ശങ്കര്‍ കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവിന് കത്തു നല്‍കിയിരുന്നു. തുടര്‍ന്ന് അദ്ദേഹത്തെ മന്ത്രിയാക്കി. കോണ്‍ഗ്രസില്‍ ലയിച്ച ശേഷം ശങ്കര്‍ കോണ്‍ഗ്രസ് അംഗമായതിനാല്‍ത്തന്നെ വിപ്പ് പാലിക്കാന്‍ ബാധ്യസ്ഥനാണ്. എന്നാല്‍ നേരിട്ട് ഹാജരാകാന്‍ സ്പീക്കര്‍ ആവശ്യപ്പെട്ടിട്ടും ആര്‍ ശങ്കര്‍ എത്താത്തതിനാലാണ് അയോഗ്യനാക്കിയത്.രാജിവച്ച പതിനഞ്ച് എംഎല്‍എമാര്‍ക്കെതിരെ കോണ്‍ഗ്രസും ജെഡിഎസും അയോഗ്യത ശുപാര്‍ശ നല്‍കിയിരുന്നു.
അതേ സമയം കര്‍ണ്ണാടകയില്‍ സഖ്യസര്‍ക്കാര്‍ വീണിട്ടും മന്ത്രി സഭ രൂപീകരണം ബിജെപി വൈകിപ്പിക്കുകയാണ്.സ്ഥിരതയുള്ള സര്‍ക്കാര്‍ വേണമെന്നാണ് നേതൃത്വത്തിന്റെ ആഗ്രഹം. അതുകൊണ്ടുതന്നെ വളരെ കരുതലോടെയാണ് ബിജെപി നീങ്ങുന്നത്.