സേലം:പത്തനംതിട്ടയിലെ കൃഷ്ണാ ജ്വല്ലറിയില്‍ നിന്നും സ്വര്‍ണ്ണം കവര്‍ച്ച ചെയ്ത നാലു പ്രതികളെ സേലത്തു നിന്നും പോലീസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ സഞ്ചരിച്ച മഹാരാഷ്ട്ര രജിസ്ട്രേഷന്‍ കാര്‍ സേലത്തുവച്ച് പരിശോധിക്കുന്നതിനിടെയാണ് പ്രതികളെ പിടികൂടിയത്. എന്നാല്‍ ഇവരില്‍ ഒരാള്‍ പോലീസ് പരിശോധനയ്ക്കിടെ സ്വര്‍ണ്ണവുമായി കടന്നു. നാലു പ്രതികള്‍ സേലം പോലീസിന്റെ കസ്റ്റഡിയിലാണ്.
മോഷണക്കേസിലെ മുഖ്യപ്രതിയായ മഹാരാഷ്ട്രാ സ്വദേശി അക്ഷയ് പട്ടേലിനെ ഇന്നലെത്തന്നെ പോലീസ് പിടികൂടിയിരുന്നു.കൃഷ്ണാ ജ്വല്ലറിയിലെ ജീവനക്കാരനായ ഇയാളാണ് മോഷണത്തിന്റെ ആസൂത്രകനും.ഒരാഴ്ച മുമ്പാണ് ഇയാള്‍ ജ്വല്ലറിയില്‍ ജോലിക്കെത്തിയത്.
ഇന്നലെ വൈകിട്ടാണ് പത്തനംതിട്ട നഗരത്തിലെ കൃഷ്ണാ ജ്വല്ലറിയില്‍ കവര്‍ച്ച നടന്നത്.ജ്വല്ലറി ജീവനക്കാരനായ സന്തോഷിനെ ആക്രമിച്ച് കെട്ടിയിട്ടാണ് കവര്‍ച്ച നടത്തിയത്. ആക്രമണത്തില്‍ സന്തോഷിനു പരിക്കേറ്റു. നാലു കിലോ സ്വര്‍ണ്ണവും പതിമൂന്ന് ലക്ഷം രൂപയുമാണ് കവര്‍ച്ചക്കാര്‍ എടുത്തുകൊണ്ടുപോയത്.സ്വര്‍ണ്ണവുമായി കടന്നയാള്‍ക്കുവേണ്ടി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.