ന്യൂഡല്‍ഹി:സസ്പെന്‍ഷനിലുള്ള ഡിജിപി ജേക്കബ് തോമസിനെ സര്‍വീസില്‍ തിരിച്ചെടുക്കണമെന്ന് കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഉത്തരവ്.ജേക്കബ് തോമസ് നല്കിയ ഹര്‍ജിയിലാണ് ഉത്തരവ്.അഴിമതിക്കെതിരെ പ്രതികരിച്ചതിനാണ് തന്നെ സര്‍വീസില്‍ നിന്നും പുറത്താക്കിയതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി. തുടര്‍ച്ചയായ സസ്പെന്ഷന് നിയമവിരുദ്ധമെന്ന് വ്യക്തമാക്കിയ ട്രൈബ്യൂണല്‍ ജേക്കബ് തോമസിനെ അടിയന്തിരമായി സര്‍വീസില്‍ തിരിച്ചെടുക്കണമെന്നും നിര്‍ദേശിച്ചു.
സംസ്ഥാനത്തെ ഏറ്റവും സീനിയറായ ഐപിഎസ് ഉദ്യോഗസ്ഥനായ ജേക്കബ് തോമസിനെ സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്ത് പ്രതികാരം വീട്ടാന്‍ തുടങ്ങിയിട്ട് നാളുകളായി. വിജിലന്‍സ് ഡയറക്ടറായിരിക്കെ ഉന്നത സിപിഎം നേതാക്കള്‍ക്കും ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കുമെതിരെ അഴിമതിയാരോപണത്തില്‍ അന്വേഷണം തുടങ്ങിയതോടെയാണ് ജേക്കബ് തോമസ് സര്‍ക്കാരിന്റെ കണ്ണിലെ കരടായി മാറിയത്.ആദ്യം വിജിലന്‍സ് ഡയറക്ടര്‍ പദവിയില്‍ നിന്നും നിര്‍ബന്ധിത അവധിയെടുപ്പിച്ചു.തുടര്‍ന്ന് പദവിയില്‍ നിന്നും നീക്കം ചെയ്യുകയും ചെയ്തു. സര്‍ക്കാരിന്റെ ഓഖി രക്ഷാപ്രവര്‍ത്തനങ്ങളെ വിമര്‍ശിച്ചതിന്റെ പേരിലായിരുന്നു ആദ്യ സസ് പെന്ഷന്.’സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍’എന്ന സര്‍വീസ് സ്റ്റോറിയിലൂടെ സര്‍ക്കാരിനെ വിമര്‍ശിച്ചതിനായിരുന്നു രണ്ടാമത്തെ സസ്പെന്ഷന്. സര്‍വീസിലിരിക്കെ സര്‍ക്കാരിന്റെ അനുവാദമില്ലാതെ പുസ്തകം പ്രസിദ്ധികരിച്ചതും സസ്പെന്‍ഷനു കാരണമായി. തുറമുഖ ഡയറക്ടറായിരിക്കേ ഡ്രജ്ജര്‍ വാങ്ങിയതിലെ ക്രമക്കേടില്‍ വിജിലന്‍സ് അന്വേഷണം നടക്കുന്നുവെന്നു പറഞ്ഞാണ് മൂന്നാമതും ജേക്കബ് തോമസിനെ സസ്പെന്‍ഡ് ചെയ്തത്. സസ്പെന്ഷന് ചോദ്യം ചെയ്താണ് ജേക്കബ് തോമസ് കേന്ദ്ര അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിനെ സമീപിച്ചത്.