ന്യൂഡല്‍ഹി: മൂന്നുതവണ തലാഖ് ചൊല്ലി ബന്ധം വേര്‍പിരിയുന്നത് രാജ്യത്ത് ക്രിമിനല്‍ കുറ്റമായി.മുത്തലാഖ് ബില്ല് രാജ്യസഭയിലും പാസായി. 84നെതിരെ 99 വോട്ടുകള്‍ക്കാണ് ബില്‍ പാസായത്. നേരത്തെ ലോക്സഭയിലും ബില്ലിന് അംഗീകാരം ലഭിച്ചിരുന്നു. മുത്തലാഖ് ചൊല്ലുന്നയാള്‍ക്ക് മൂന്നുവര്‍ഷം വരെ തടവും പിഴയും ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്. രാഷ്ട്രപതി ഒപ്പുവെക്കുന്നതോടെ മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന നിയമം പ്രാബല്യത്തില്‍ വരും.
കഴിഞ്ഞവര്‍ഷം ഓഗസ്റ്റില്‍ മുത്തലാഖ് നിരോധിച്ചുകൊണ്ട് സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ബില്‍ കൊണ്ടുവന്നത്. ഭര്‍ത്താവ് ഫോണിലൂടെ മുത്തലാഖ് ചൊല്ലി വിവാഹ ബന്ധം അവസാനിപ്പിച്ച ഉത്തര്‍പ്രദേശില്‍ നിന്നുള്ള സൈറ ബാനു,ഇസ്രത് ജഹാന്, കത്തു വഴി മൊഴിചൊല്ലപ്പെട്ട അഫ്രീന് റഹ്മാന്, മുദ്ര പത്രത്തിലൂടെ മൊഴി ചൊല്ലപ്പെട്ട ഗുല്‍ഷന്‍ പര്‍വീണ്‍, സ്പീഡ് പോസ്റ്റിലൂടെ മൊഴി ചൊല്ലപ്പെട്ട അതിയ സാബ്റി എന്നിവരുടെ ഹര്‍ജികള്‍ പരിഗണിച്ചാണ് സുപ്രീംകോടതി മുത്തലാഖ് നിരോധിച്ച് ഉത്തരവിട്ടത്.