ന്യൂഡല്‍ഹി:ഉന്നാവോ കേസിന്റെ വിചാരണ ഉത്തര്‍പ്രദേശില്‍ നിന്നും മാറ്റുമെന്ന് സുപ്രീംകോടതി.ഇതുസംബന്ധിച്ച് ഉത്തരവിറക്കുമെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വ്യക്തമാക്കി.കേസന്വേഷിക്കുന്ന സിബിഐ ഉദ്യോഗസ്ഥനോട് ഹാജരാകാനും സുപ്രീം കോടതി നിര്‍ദേശിച്ചു.അന്വേഷണ ഉദ്യോഗസ്ഥനെ ചീഫ് ജസ്റ്റിസ് ഉച്ചക്ക് കാണും.കേസിന്റെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഹാജരാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.ജീവന് ഭീഷണിയുണ്ടെന്നും സുരക്ഷ വേണമെന്നും ആവശ്യപ്പെട്ട് ജൂലായ് 12-ന് പെണ്‍കുട്ടി അയച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് സുപ്രീംകോടതി നടപടി.

കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനായി പെണ്‍കുട്ടി അയച്ച കത്ത് സുപ്രീംകോടതി സിബിഐക്ക് കൈമാറും. കേസ് അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കാനും കോടതി നിര്‍ദേശിച്ചു.ഉന്നാവോ ബലാല്‍സംഗക്കേസുമായി ബന്ധപ്പെട്ട് നാലുകേസുകളാണ് ലക്‌നൗ സിബിഐ കോടതിയിലുള്ളത്. പെണ്‍കുട്ടിയുടെ അച്ഛനുള്‍പ്പെടെ കേസുമായി ബന്ധപ്പെട്ട സാക്ഷികളില്‍ പലരും കൊല്ലപ്പെട്ടതും ഒടുവില്‍ പെണ്‍കുട്ടിക്കുണ്ടായ വാഹനാപകടവുമെല്ലാം പരിഗണിച്ചാണ് ഉത്തര്‍പ്രദേശില്‍ നിന്നും കേസ് മാറ്റാന്‍ സുപ്രീംകോടതി തീരുമാനിച്ചത്.