ദില്ലി:കാശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥത വഹിക്കാമെന്ന് ട്രംപിന്റെ നിലപാടിനെ തള്ളി വിണ്ടും ഇന്ത്യ.കാശ്മിര്‍ പ്രശ്‌നത്തില്‍ സഹായം ആവശ്യമില്ലെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ അമേരിക്കയെ അറിയിച്ചു.അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക് പോംപിയോയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ കശ്മീര്‍ വിഷയം സംബന്ധിച്ച അമേരിക്കയുടെ വാഗ്ദാനം അറിയിച്ചെന്നും എന്നാല്‍ കശ്മീരിനെക്കുറിച്ച് ചര്‍ച്ച ആവശ്യമാണെങ്കില്‍ ഇന്ത്യയും പാകിസ്ഥാനും മാത്രമായി അത് നടത്തുമെന്നും ജയശങ്കര്‍ പോംപിയോയെ അറിയിച്ചു.
കശ്മീര്‍ വിഷയം പരിഹരിക്കാന്‍ നരേന്ദ്രമോദി തന്നോട് സഹായം ആവശ്യപ്പെട്ടെന്ന ട്രംപിന്റെ പ്രസ്താവന വലിയ വിവാദമായിരുന്നു.ജൂലൈ 22ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാനുമായുള്ള കൂടികാഴ്ച്ചയ്ക്കിടയിലായിരുന്നു ട്രംപ് ഇക്കാര്യം പറഞ്ഞത്.പാര്‍ലമെന്റിലുള്‍പ്പടെ ഇത് പ്രതിഷേധത്തിനിടയാക്കി.എന്നാല്‍ സര്‍ക്കാര്‍ ഇത് നിഷേധിക്കുകയും ട്രംപ് സ്വമേധയാ സഹായവാഗ്ദാനം നല്‍കിയതാണെന്ന വിശദീകരിക്കുകയും ചെയ്തു.കാശ്മീരിനെ കുറിച്ച് ഒന്നും മോദി ട്രംപിനോട് സംസാരിച്ചിട്ടില്ല എന്നും ഇന്ത്യ വ്യക്തമാക്കി. മൂന്നാമതൊരുകക്ഷിയുടെ ഇടപെടല്‍ ഇന്ത്യ അംഗീകരിക്കുന്നില്ല.
ഇതിനുശേഷവും താന്‍ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ട്രംപ് വീണ്ടും പ്രസ്താവന നടത്തിയത്.