തിരുവനന്തപുരം:മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീറിനുണ്ടായ അപകടമരണത്തില്‍ ശ്രീറാം വെങ്കിട്ടരാമന്റെ രക്തസാമ്പിള്‍ പരിശോധനയ്ക്കായി ശേഖരിച്ചു. ശ്രീറാം മദ്യപിച്ചിരുന്നുവെന്ന് മനസിലായിട്ടും അപകടം നടന്ന് 9 മണിക്കൂറിനുശേഷമാണ് ശ്രീറാമിന്റെ രക്തസാമ്പിള്‍ പരിശോധനയ്‌ക്കെടുത്തത്.ശ്രീറാം ചികില്‍സയില്‍ കഴിയുന്ന സ്വകാര്യ ആശുപത്രിയിലെത്തി ഡിസിപിയുടെ നേതൃത്വത്തില്‍ മൊഴിയെടുത്തു.അപകടസമയത്ത് കാര്‍ ഓടിച്ചിരുന്നത് ശ്രീറാമാണെന്ന് പോലീസ് സ്ഥിരീകരിച്ചെന്നാണ് സൂചന.അതുകൊണ്ടുതന്നെ ശ്രീറാമിനെ ഇന്നു തന്നെ അറസ്‌ററ് ചെയ്‌തേക്കും.
അതേസമയം അപകടസമയത്ത് കാര്‍ ഓടിച്ചിരുന്നത് ശ്രീറാം തന്നെയായിരുന്നെന്ന് ഒപ്പമുണ്ടായിരുന്ന വഫാ ഫിറോസ് പോലീസില്‍ മൊഴി നല്‍കി. ഇന്നലെ രാത്രി ശ്രീറാം വിളിച്ച് കാര്‍ ആവശ്യപ്പെടുകയായിരുന്നു. 12-40 ന് കാറുമായി കവടിയാറിലെത്തിയെന്നും തുടര്‍ന്ന് കാര്‍ ഓടിച്ചത് ശ്രീറാമായിരുന്നെന്നും യുവതി പറഞ്ഞു. കാര്‍ അമിതവേഗത്തിലാണ് ഓടിച്ചതെന്നും വഫയുടെ മൊഴിയിലുണ്ട്.അബുദാബിയില്‍ താമസിക്കുന്ന മോഡലായ വഫാ ഫിറോസ് വിവാഹിതയാണ്. ഫേസ്ബുക്ക് വഴിയാണ് ഇവര്‍ ശ്രീറാം വെങ്കിട്ടരാമനെ പരിചയപ്പെട്ടത്.ഹാര്‍ഡ്‌വാര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ പഠനം കഴിഞ്ഞ് ശ്രീറാം തിരികെയെത്തിയതിന്റെ ആഘോഷത്തിനായാണ് സുഹൃത്തുക്കള്‍ ഒത്തുകൂടിയതെന്നാണ് വിവരം.