തിരുവനന്തപുരം:മദ്യലഹരിയില്‍ വാഹനമോടിച്ച് മാധ്യമ പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമനെ അറസ്റ്റ് ചെയ്തു.അപകടത്തെത്തുടര്‍ന്ന് ശ്രീറാം വെങ്കിട്ടരാമന് ചികില്‍സയില്‍ കഴിയുന്ന കിംസ് ആശുപത്രിയിലെത്തിയാണ് മ്യൂസിയം സി ഐ യുടെ നേതൃത്വത്തില്‍ അറസ്റ്റ് രേഖപ്പെടുത്തിയത്. ജാമ്യമില്ലാ വകുപ്പാണ് ശ്രീറാമിനെതിരെ ചുമത്തിയിരിക്കുന്നത്. അറസ്റ്റ് രേഖപ്പെടുത്തിയതിനാല്‍ സ്വകാര്യ ആശുപത്രിയില്‍ നിന്നും ശ്രീറാമിനെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റും.
ശ്രീറാമിനൊപ്പമുണ്ടായിരുന്ന വഫാ ഫിറോസിന്റെ രഹസ്യമൊഴി വഞ്ചിയൂര്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ അല്‍പ്പസമയം മുന്‍പ് രേഖപ്പെടുത്തിയിരുന്നു. വഫയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ശ്രീറാം വെങ്കിട്ടരാമനെ അറസ്റ്റ് ചെയ്തത്. രാത്രിയില്‍ ഗോള്‍ഫ് ക്ലബിന്റെ അടുത്തു നിന്നും ശ്രീറാം വിളിച്ച് വാഹനവുമായി എത്താന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നാണ് വഫയുടെ മൊഴി. പീന്നീട് നിര്‍ബന്ധമായി താക്കോല്‍ വാങ്ങി ശ്രീറാം കാറോടിക്കുകയായിരുന്നെന്നും വഫയുടെ മൊഴിയില്‍ പറയുന്നു. ശ്രീറാം വെങ്കിട്ടരാമന് നിര്‍ബന്ധിച്ചതു കൊണ്ടാണ് ആദ്യം വാഹനമോടിച്ചത് താനാണെന്ന് പറഞ്ഞതെന്നും വഫ മൊഴി നല്കി.
അതേസമയം അപകടത്തില്‍പ്പെട്ട ബഷീറിനെ തന്റെ സ്കൂട്ടറില്‍ ആശുപത്രിയിലെത്തിക്കാമോയെന്ന് ശ്രീറാം ചോദിച്ചതായി ജിത്തു എന്ന യുവാവ് വെളിപ്പെടുത്തി. മദ്യപിച്ച് ലക്കു കെട്ട അവസ്ഥയിലായിരുന്നു ശ്രീറാമെന്നും ജിത്തു പറയുന്നു.