തിരുവനന്തപുരം: മദ്യലഹരിയില്‍ വാഹനമോടിച്ച് മാധ്യമ പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസിനെ സര്‍വീസില്‍നിന്നും സസ്‌പെന്‍ഡ് ചെയ്തു. ചീഫ് സെക്രട്ടറിയാണ് അന്വേഷണത്തിനുത്തരവിട്ടത്.സര്‍വേ ഡയറക്ടര്‍ സ്ഥാനത്തു നിന്നും നീക്കിയ ശ്രീറാമിനെതിരെ വകുപ്പു തല അന്വേഷണവും നടക്കും. ബോധപൂര്‍വമായ നരഹത്യ, മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കല്‍, അലക്ഷ്യമായി വാഹനമോടിക്കല്‍ തുടങ്ങി 10വര്‍ഷം വരെ തടവുശിക്ഷ കിട്ടാവുന്ന ജാമ്യമില്ലാ വകുപ്പുകളാണ് ശ്രീറാമിനെതിരെ പൊലീസ് ചുമത്തിയത്.
അതേസമയം ശ്രീറാമിന്റെ രക്ത പരിശോധനാഫലം പോലീസിനു കൈമാറിയിരുന്നു.രക്തത്തില്‍ മദ്യത്തിന്റെ അംശമില്ലെന്നാണ് പരിശോധനാ റിപ്പോര്‍ട്ട്. അപകടം നടന്ന് 10 മണിക്കൂറിനുശേഷമാണ് രക്തപരിശോധന നടത്തിയത്. നിലവില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മള്‍ട്ടിസ്‌പെഷ്യാലിറ്റി ഐസിയുവില്‍ ട്രോമ കെയറിലേക്ക് മാറ്റി. ശ്രീറാമിന് കടുത്ത മാനസീക സമ്മര്‍ദ്ദമുണ്ടെന്നും മാനസീകാരോഗ്യ വിദഗ്ദ്ധന്റെ സേവനം ആവശ്യമാണെന്നും മെഡിക്കല്‍ സംഘം പറയുന്നു.